‘കോലിക്ക് പേശീവലിവുണ്ടായപ്പോൾ ന്യൂസീലൻഡ് താരങ്ങൾ സഹായിച്ചതെന്തിന്?’; വിമർശനവുമായി മുൻ ഓസീസ് താരം
ബാറ്റ് ചെയ്യുന്നതിനിടെ പേശീവലിവുണ്ടായ വിരാട് കോലിയെ സഹായിച്ച കിവീസ് താരങ്ങളെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ താരം സൈമൺ ഒഡോണൽ. സ്പിരിറ്റോഫ് ക്രിക്കറ്റൊക്കെ നിയമങ്ങൾക്കുള്ളിലാണ്. നിങ്ങളുടെ രാജ്യത്തെ കോലി അടിച്ചൊതുക്കുമ്പോൾ നിങ്ങൾ പോയി അയാളെ സഹായിച്ചതെന്തിനെന്ന് തനിക്ക് മനസിലായില്ലെന്നും മുൻ ഓസീസ് പേസർ സെൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഇന്ത്യ 400ലേക്ക് കുതിക്കുകയാണ്. അപ്പോഴാണ് ചില ന്യൂസീലൻഡ് താരങ്ങൾ കോലിയെ സഹായിക്കുന്നത്. എന്തിന് അത് ചെയ്യണം? ഇത് ലോകകപ്പ് സെമിയാണ്. കോലിക്ക് പേശീവലിവുണ്ടായപ്പോൾ ന്യൂസീലൻഡ് താരങ്ങൾ അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോകാൻ പാടില്ലായിരുന്നു. കോലി ബാറ്റ് എറിഞ്ഞപ്പോൾ കിവീസ് താരങ്ങളിലൊരാൾ അതെടുത്ത് കൊടുത്തു. അത് പാടില്ലായിരുന്നു. ബാറ്റ് സ്വയം എടുക്കാൻ പറയണമായിരുന്നു. അദ്ദേഹം ശാരീരികമായി ബുദ്ധിമുട്ടുകയാണ്. നമ്മളെത്തന്നെ അടിച്ചൊതുക്കാൻ നമ്മളെന്തിന് അയാളെ സഹായിക്കണം എന്നാണ് കരുതേണ്ടിയിരുന്നത്.”- സൈമൺ പറഞ്ഞു.
ഇന്നലെ സെഞ്ചുറി നേടിയ കോലി ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമായിരുന്നു. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്നാണ് കോലി ഈ നേട്ടം കുറിച്ചത്. 106 പന്തുകളിൽ ഒമ്പത് ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്.
നേരത്തെ ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് പഴങ്കഥയായത്. കൂടാതെ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിൽ കൂടുതൽ തവണ 50-ന് മുകളിൽ സ്‌കോർ ചെയ്ത താരമെന്ന റെക്കോഡ് കോലിയുടെ പേരിലായി. എട്ടാം തവണയാണ് കോലി 50 കടക്കുന്നത്.
ഏഴു തവണ 50 കടന്ന സച്ചിൻ തെണ്ടുൽക്കർ, ഷാക്കിബ് അൽ ഹസ്സൻ എന്നിവരുടെ റെക്കോഡാണ് കോലി മറികടന്നത്. ഏകദിന റൺനേട്ടത്തിൽ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റൺസ് മറികടന്ന് മൂന്നാം സ്ഥാനത്തേക്കും വിരാട് കോലി എത്തി. കോഹ്ലിക്ക് മുന്നിൽ കുമാർ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി ഉള്ളത്.