ശബരിമല : സുരക്ഷിത തീര്‍ഥാടനത്തിനായി
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി പൊലീസ് വകുപ്പ്
സുരക്ഷിത തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പമ്പയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ഘട്ടങ്ങളിലായി പതിമൂവായിരം പൊലീസുകാര്‍ തീര്‍ഥാടനകാലയളവില്‍ ഡ്യൂട്ടിയിലുണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ ഉപയോഗിക്കരുത്. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കും. ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. 15 കൗണ്ടറുകളിലായാണ് വെര്‍ച്വല്‍ ക്യു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇടത്താവളങ്ങളിലും തീര്‍ഥാടകരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയിലെത്തുന്ന തീര്‍ഥാടകരുടെ വാഹനം നിലയ്ക്കലിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. 17 ഗ്രൗണ്ടുകളിലായി അവിടെ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പാര്‍ക്കിംഗ് അനുവദിക്കുന്നതെന്നും വരുന്ന എല്ലാ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് സംവിധാനമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത്ത് കുമാര്‍, ദക്ഷിണമേഖലാ ഐ ജി ജി സ്പര്‍ജന്‍ കുമാര്‍, പോലീസ് ആസ്ഥാനത്തെ ഐ ജി നീരജ് കുമാര്‍ ഗുപ്ത, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആര്‍ നിശാന്തിനി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് , സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിതരായ സ്പെഷ്യല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.