വൃശ്ചികപ്പുലരിയുടെ കുളിരുമായി മണ്ഡല കാലമെത്തുന്നു
തൊടുപുഴ • വൃശ്ചികപ്പുലരിയുടെ കുളിരുമായി മണ്ഡല കാലമെത്തുന്നു. 17 നാണ് വൃശ്ചികം ഒന്ന് ശരണമന്ത്ര ധ്വനികളാൽ മുഖരിതമാകുന്ന മണ്ഡലകാലത്തെ വരവേൽക്കാൻ നാടൊരുങ്ങി. വ്രതനിഷ്ഠയോടെ ശബരീശ ദർശനം നേടാൻ തയാറെടുക്കുകയാണ് ഭക്തലക്ഷങ്ങൾ മണ്ഡലകാലത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ദീപാരാധനയും ഭജനയും ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ നടക്കും. ഇരുമുടിക്കെട്ട് നിറയ്ക്കാനും വിവിധ ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ശബരിമല ദർശനത്തിനായി വതമെടുക്കുന്നവരെ കാത്ത് വിപണി നേരത്തെതന്നെ ഒരുങ്ങി. അയ്യപ്പന്മാർക്ക് വേണ്ടതെല്ലാം പൂജാസാധനങ്ങൾ വിൽക്കുന്ന കടകളിൽ എത്തിക്കഴിഞ്ഞു. മാല മുതൽ ഇരുമുടിക്കെട്ടിൽ നിറയ്ക്കാൻ വേണ്ട സാധനങ്ങൾ വരെ ഇവിടെ ലഭ്യമാണ്. 50 രൂപ മുതൽ 250 രൂപ വരെയാണു വിവിധ മാലകൾക്കു വില. തുളസിമാലയും രുദ്രാക്ഷ മാലയുമാണ് കൂടുതലും വിറ്റുപോകുന്നതെന്നു വ്യാപാരികൾ പറയുന്നു. ലോക്കറ്റുകൾക്കു വില 10 രൂപ മുതൽ. അവൽ, നെയ്യ് വിളക്കുതിരി, എണ്ണ, കളഭം, ചന്ദനം, ഉണക്കലരി, മഞ്ഞൾപ്പൊടി, നാളീകേരം, പനിനീർ, ഭസ്മം തുടങ്ങി കെട്ടുനിറയ്ക്ക് ആവശ്യമായ എല്ലാ പൂജാ സാധനങ്ങളും കടകളിൽ എത്തിച്ചിട്ടുണ്ട്. തോൾ സഞ്ചി, കറുത്ത മുണ്ട്, തീർഥാടക വാഹനങ്ങളിലും മറ്റും വയ്ക്കുന്നതിനുള്ള ഫോട്ടോകൾ, സ്റ്റിക്കറുകൾ എന്നിവയൊക്കെ വിൽപനയ്ക്കുണ്ട്. വിവിധ ഭക്തിഗാന പുസ്തകങ്ങൾ ആധ്യാത്മിക ഗ്രന്ഥകൾ തുടങ്ങിയവയും അയ്യപ്പന്മാരെ ലക്ഷ്യമിട്ട് എത്തിയിട്ടുണ്ട്. വി പിറക്കുന്നതോടെ പച്ചക്കറി വിപണിയിലും തിരക്കേറും.