ദേശാഭിമാനി തന്നെയും കുടുംബത്തെയും അപമാനിച്ചു; ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് മറിയക്കുട്ടി
ദേശാഭിമാനിയുടെ ഖേദ പ്രകടനം അംഗീകരിക്കുന്നില്ലെന്ന് മറിയക്കുട്ടി. ദേശാഭിമാനി തന്നെയും കുടുംബത്തെയും അപമാനിച്ചു. സൈബർ അക്രമണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടെന്നും മറിയക്കുട്ടി വ്യക്തമാക്കി. മറിയക്കുട്ടിക്ക് ഭൂമിയും വീടും ഉണ്ടെന്ന് സിപിഐഎം കേന്ദ്രങ്ങൾ വ്യാപകമായി നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു.
പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടും സ്ഥലവുമുണ്ടെന്ന വാർത്തയിൽ തെറ്റ് തിരുത്തി ദേശാഭിമാനി രംഗത്തെത്തിയിരുന്നു. തെറ്റിധാരണമൂലം സംഭവിച്ചതാണെന്നാണ് വ്യക്തമാക്കിയത്. മറിയക്കുട്ടി താമസിക്കുന്ന വീട് ഇളയ മകൾ പ്രിൻസിയുടെ പേരിലുള്ളതാണെന്നാണ് ദേശാഭിമാനി തെറ്റ് തിരുത്തിക്കൊണ്ട് നല്‍കിയത്.
മകൾ വിദേശത്താണെന്നും മറിയക്കുട്ടിക്ക് രണ്ട് വീടും ഒന്നരയേക്കർ സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയുമുണ്ടെന്നായിരുന്നു ദേശാഭിമാനി നേരത്തെ വാർത്ത നൽകിയത്. പെൻഷൻ ലഭിക്കാത്തതിനെ തുടർന്നായിരുന്നു മറിയക്കുട്ടിയും അന്നയും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
മാസങ്ങളായി സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് ഇടുക്കി അടിമാലി സ്വദേശികളായ മറിയക്കുട്ടിയും അന്ന ഔസേഫും ഭിക്ഷ യാചിക്കാനിറങ്ങിയത്. ഇതേ തുടർന്ന് മറിയക്കുട്ടിക്ക് ഒന്നര ഏക്കർ ഭൂമിയും രണ്ട് വീടുകളും ഉണ്ടെന്ന് സിപിഐഎം കേന്ദ്രങ്ങൾ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചാരണം നടത്തിയിരുന്നത്. ഇതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.