രാകിമിനുക്കപ്പെട്ട സംഘം, അപരാജിത ജയങ്ങൾ; ആദ്യ സെമിയിൽ ഇന്ത്യയിറങ്ങുന്നത് ആത്മവിശ്വാസത്തോടെ; ഇന്ന് തീപാറും പോരാട്ടം
ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടും.2019ലെ സെമിഫൈനൽ തോൽവിക്ക് സ്വന്തം മണ്ണിൽ കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വാംഖഡയിലെ പിച്ചിൽ ടോസ് നിർണായകമാകും. ഇന്ത്യ കരുത്തരെങ്കിലും ജയിക്കാൻ കഴിയുമെന്ന് കിവീസ് നായകൻ കെയ്ൻ വില്യംസൺ വ്യക്തമാക്കി. സ്വപ്നതുല്യമായൊരു യാത്രയിലാണ് ഇന്ത്യൻ ടീം. ഏറെ നാളത്തെ പരീക്ഷണൾക്ക് ശേഷം രാകിമിനുക്കപ്പെട്ടെരു സംഘം 9 തുടർജയങ്ങളുടെ കരുത്തിലാണ് സെമിഫൈനലിനിറങ്ങുന്നത്. 12 വർഷത്തെ കിരീടവരൾച്ചയ്ക്ക് അറുതികുറിക്കുക എന്നത് മാത്രമാണ് രോഹിത് ശർമ്മയുടെയും സംഘത്തിന്റെയും ലക്ഷ്യം. വിരാട് കോലിയും രോഹിത് ശർമ്മയും, നയിക്കുന്ന ബാറ്റിങ് നിര ബൗളർമാരുടെ പേടിസ്വപ്നമാണ്. ശുഭ്മാൻ ഗിൽ,ശ്രേയസ് അയ്യർ,കെഎൽ രാഹുൽ,സൂര്യകുമാർ യാദവ്. ഈ ലോകകപ്പിൽ ബൗളർമാർക്ക് ദുസ്വപ്നങ്ങൾ മാത്രം സമ്മാനിച്ച ബാറ്റർമാർ. ഇതുവരെ കണ്ടിട്ടില്ലാത്ത പേസ് ബൗളിങ് മാസ്മരികത ആരാധകർക്ക് സമ്മാനിച്ച ബുംറയും, സിറാജും, ഷമിയും വാംഖഡെയിൽ ഒരിക്കൽക്കൂടി തീതുപ്പുമെന്ന് പ്രതീക്ഷിക്കാം. ജഡേജയും, കുൽദീപും ഫോം തുടർന്നാൽ ന്യുസീലൻഡ് തരിപ്പണമാകും.
ക്രിക്കറ്റിലെ അതിസമർഥരായ ന്യൂസീലൻഡാണ് നീലപ്പടയെ വെല്ലുവിളിക്കാൻ എത്തുന്നത്. കെയ്ൻ വില്യംസന്റെ തിരിച്ചുവരവോടെ ബാറ്റിങ് നിര സന്തുലിതമായിട്ടുണ്ട്. രചിൻ രവീന്ദ്രയുടെ റൺമഴ മുംബൈയിലും കിവീസ് കൊതിക്കുന്നു. ട്രെന്റ് ബോൾട്ട് നേതൃത്വം നൽകുന്ന ബൗളിങ് നിര താളംകണ്ടെത്തിയാലെ ന്യൂസീലൻഡിന് രക്ഷയുളളു.
ടോസ് നിർണായകമല്ലെന്ന് രോഹിത് ശർമ്മ പറയുമ്പോഴും, ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് മുൻതൂക്കം ലഭിക്കുമെന്നത് വസ്തുതയാണ്. ഉച്ചവെയിലിൽ ബാറ്റിങ് കൂടുതൽ എളുപ്പമാണ്. ഫ്ലഡ്‌ലൈറ്റുകൾക്ക് കീഴിലെ ബൗളിങ് ബാറ്റ് ചെയ്യുന്നവർക്ക് വെല്ലുവിളിയാണ്. പന്ത് കൃത്യമായി സ്വിങ് ചെയ്യും. ഇരു ടീമിലും മാറ്റങ്ങൾക്ക് സാധ്യതയില്ല. ഇന്ത്യൻ പടയോട്ടം മുംബൈയിലും, തുടരുമോ, 2019ലെ നാടകീയത ആവർത്തിക്കുമോ. കാത്തിരിക്കാം ക്ലാസിക് പോരിനായി.