ലോക്ഡൗൺ പണി തന്നു; പണി മുടങ്ങി പാലവും മെഡിക്കൽ കോളജും
ചെറുതോണി ∙ ഒരു വർഷത്തിനുള്ളിൽ തുറന്നു കൊടുക്കുമെന്നു പ്രഖ്യാപിച്ചു പണി ആരംഭിച്ച ചെറുതോണി പാലത്തിന്റെ നിർമാണം ലോക്ഡൗണിൽ വീണ്ടും മുടങ്ങി. ഇടുക്കി മെഡിക്കൽ കോളജിന്റെ നിർമാണ പ്രവർത്തനങ്ങളും നിശ്ചലാവസ്ഥയിലാണ്. 2022 ഫെബ്രുവരി 24നു മുൻപ് പണി പൂർത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് ചെറുതോണി പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
പാലത്തിന്റെ പണി ആരംഭിച്ചപ്പോൾ തന്നെ രൂപരേഖ മാറ്റിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരു മാസത്തിലേറെ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. തുടർന്ന് അടിത്തറയുടെ ജോലികൾ ഏതാണ്ട് പൂർണമായപ്പോൾ രണ്ടാമത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ ഇവിടെ ജോലിചെയ്തിരുന്ന തമിഴ്നാട്ടുകാരായ തൊഴിലാളികൾ നാട്ടിലേക്കു മടങ്ങി. കാലവർഷം ശക്തി പ്രാപിച്ചാൽ നിർമാണ പ്രവർത്തനങ്ങൾ ഇനിയും അനിശ്ചിതമായി നീട്ടിവയ്ക്കേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നാൽ ഇപ്പോൾ തുടങ്ങിവച്ച നിർമാണ പ്രവർത്തനങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പറയുന്നു. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അണക്കെട്ട് തുറക്കേണ്ടി വന്നാലും ചെറുതോണി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ദേശീയപാത വിഭാഗം പറഞ്ഞു.
മെഡിക്കൽ കോളജിന് വേണം അടിയന്തര ‘ചികിത്സ’
∙ ഇടുക്കി മെഡിക്കൽ കോളജിൽ ക്വാർട്ടേഴ്സ് മന്ദിരങ്ങളുടെയും അക്കാദമിക് ബ്ലോക്കുകളുടെ അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് എത്തിയതിനാൽ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയിരുന്നു.
തിരഞ്ഞെടുപ്പിനു ശേഷം ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ തൊഴിലാളികൾ ഏറെപ്പേരും മടങ്ങിയെത്തിയിട്ടില്ല. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് മെഡിക്കൽ കോളജിന് അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനു മുന്നോടിയായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.