കാർഷിക പ്രവർത്തനങ്ങൾ താളം തെറ്റി; ഏലം കർഷകർ പ്രതിസന്ധിയിൽ
നെടുങ്കണ്ടം ∙ മഴക്കാലം എത്തുന്നു, ഏലം തോട്ടങ്ങളിലെ ജോലി പൂർത്തിയാക്കാനാവാതെ കർഷകർ. കോവിഡ് പ്രതിസന്ധി ഇപ്പോൾ കൂടുതലായും ബാധിച്ചിരിക്കുന്നത് ഏലം മേഖലയെയാണ്. സീസൺ ആരംഭത്തോടെ കൂടി നടത്തേണ്ട കാർഷിക പ്രവർത്തനങ്ങൾ എല്ലാം താളം തെറ്റിയ അവസ്ഥയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും തോട്ടങ്ങളിലേക്ക് പതിച്ച വൻമരങ്ങൾ കർഷകർക്ക് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒടിഞ്ഞു വീണ ഏലച്ചെടികളും മാറ്റാൻ പറ്റിയിട്ടില്ല. ലോക്ഡൗണിൽ തൊഴിലാളികളെ കിട്ടാത്തതാണ് പ്രതിസന്ധി.
ലോക്ഡൗൺ കണ്ടെയ്ൻമെന്റ് സോണുകൾ കർഷകരുടെ സ്വപ്നങ്ങളെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. നിശ്ചിത സമയങ്ങളിൽ പൂർത്തിയാക്കേണ്ട ജോലികൾ തൊഴിലാളികളുടെ ലഭ്യത കുറവുമൂലം മുടങ്ങി. ഉൽപന്നങ്ങൾ ശേഖരിക്കുന്നതിനും വിളകളിലെ കീടങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളെയും കൃഷികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അധികാരത്തിൽ കീഴിലുള്ള ഒട്ടനവധി കാർഷിക സംരക്ഷണ പുനരുദ്ധാരണ പ്രസ്ഥാനങ്ങൾ ജില്ലയിലുണ്ട്.
കാർഷിക മേഖലയുടെ സംരക്ഷണത്തിന് ആവശ്യമായ റിപ്പോർട്ടുകൾ നൽകുന്നതിൽ ഈ പ്രസ്ഥാനങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണു പരാതി ഉയരുന്നത്. കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്ന സാധാരണക്കാർക്ക് അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വിപണികൾക്കു കൂടുതൽ സമയം പ്രവർത്തനാനുമതി നൽകിയും വളം കീടനാശിനികൾ ലഭ്യമാകുന്ന പ്രസ്ഥാനങ്ങൾ പ്രവർത്തനാനുമതി നൽകിയും. കാർഷികമേഖലയെ സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു
നിവേദനം നൽകി
∙ കോവിഡ് കാലത്ത് സർക്കാർ പല ഇളവുകളും പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ 26 ദിവസത്തിലേറെയായി നെടുങ്കണ്ടം പോലുള്ള പ്രദേശങ്ങളിലെ കർഷകരെ സംബന്ധിച്ചിടത്തോളം ഇതിന്റെ പ്രയോജനമൊന്നും ലഭിച്ചിട്ടില്ല. വളം കീടനാശിനികൾ മലഞ്ചരക്ക് കടകൾ തുറന്ന് പ്രവർത്തിക്കാത്തത് കർഷകർക്ക് മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ജില്ലാ കലക്ടർ ഈ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ ഒരു പരിഹാരം ലഭിക്കുന്നതിനുവേണ്ടി നെടുങ്കണ്ടം സ്പൈസസ് പ്ലാന്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിവേദനം നൽകി.