ജനങ്ങളുടെ പരാതിക്ക് പരിഹാരം; കുമളി പഞ്ചായത്തിൽ ഇനി സ്ഥിരം വാക്സീൻ കേന്ദ്രം
കുമളി ∙ കോവിഡ് വാക്സീൻ സ്വാധീനമുള്ളവർക്കു മുൻഗണനയെന്ന് ആക്ഷേപം. ജനങ്ങളുടെ പരാതി പരിഹരിക്കാൻ സ്ഥിരം വാക്സീൻ കേന്ദ്രം തുറക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. വെള്ളിയാഴ്ച ഇതിന്റെ പ്രവർത്തനം ആരംഭിക്കും.കുമളി പഞ്ചായത്തിന് കീഴിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സീൻ നൽകുന്നതിലാണ് നിബന്ധനകൾ കാറ്റിൽ പറത്തുന്നതായി ആളുകൾ ആക്ഷേപം ഉന്നയിക്കുന്നത്.
മുൻകൂട്ടി റജിസ്റ്റർ ചെയ്തവർ വാക്സീൻ എടുക്കാൻ എത്തുമ്പോൾ ആവശ്യത്തിന് വാക്സീൻ എത്തിയിട്ടില്ലെന്ന് പറഞ്ഞ് ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ച ശേഷം സ്വാധീനമുള്ളവരെത്തുമ്പോൾ സ്പോട്ട് റജിസ്ട്രേഷൻ നടത്തി വാക്സീൻ നൽകുന്നു എന്നാണ് പ്രധാന ആക്ഷേപം.കഴിഞ്ഞ ദിവസം 4 വാർഡുകളിലെ ആളുകൾക്ക് ഓരോ വാർഡിൽ നിന്നും 100 പേർക്ക് വീതം വാക്സീൻ നൽകാൻ തീരുമാനിച്ച് അറിയിപ്പു നൽകി.പ്രത്യേക സമയം നിശ്ചയിച്ചാണ് വാക്സീൻ വിതരണം നടത്തിയത്. 4 വാർഡുകളിലായി 400 പേർക്ക് വാക്സീൻ നൽകേണ്ടിയിരുന്നെങ്കിലും അവസാനം നിശ്ചയിച്ചിരുന്ന വാർഡിലെ 70ഓളം പേർക്ക് മാത്രമാണ് ലഭിച്ചത്.
മണിക്കൂറുകൾ കാത്തിരുന്ന ശേഷം വാക്സീനില്ലെന്ന് അറിഞ്ഞതോടെ ആളുകൾ വാർഡ് മെംബറോട് ക്ഷുഭിതരായി.വാക്സീൻ വിതരണം കുറ്റമറ്റതായി നടത്താൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഗീതു വർഗീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ആദ്യം വാക്സീൻ നൽകിയ വാർഡുകളിൽ നിശ്ചയിച്ചിരുന്ന എണ്ണത്തിലും കൂടുതലാളുകൾക്ക് നൽകിയതിനാലാണ് പ്രശ്നമുണ്ടായത്.
സ്ഥിരം കേന്ദ്രം തുടങ്ങുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അവർ വ്യക്തമാക്കി.പരാതികൾ പരിഹരിച്ച് വാക്സിനേഷൻ കുറ്റമറ്റതാക്കാനാണ് കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനോടനുബന്ധിച്ച് സ്ഥിരം കേന്ദ്രം തുറക്കുന്നതെന്ന് പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ കെ.എം. സിദ്ദിഖ് പറഞ്ഞു. 18 മുതൽ 45 വരെ പ്രായമുള്ളവർക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും 45ന് മുകളിൽ പ്രായമുള്ളവർക്ക് കുമളി സ്കൂളിലുമായിരിക്കും ഇനി മുതൽ വാക്സീൻ നൽകുക.