പാക്കിസ്ഥാൻ നിര്‍മ്മിത ഫെയര്‍നെസ് ക്രീം ഇടുക്കി ജില്ലയില്‍; വില്‍പ്പനയ്ക്കായി എത്തിച്ചത് രാസവസ്തുക്കളുടെ സാന്നിധ്യം മൂലം പാക്കിസ്ഥാനില്‍ നിരോധിച്ച ക്രീം
കട്ടപ്പന: പാക്കിസ്ഥാൻ നിര്‍മ്മിത ഫെയര്‍നെസ് ക്രീം ഇടുക്കി ജില്ലയില്‍ വില്‍പ്പനയ്ക്ക്. മതിയായ രേഖകള്‍ ഇല്ലാതെയാണ് പാക്കിസ്ഥാൻ നിര്‍മ്മിത ഫെയര്‍നെസ് ക്രീം ‘ഫായിസ’ ഇടുക്കി ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.ആരോഗ്യത്തിന് അപകടകരമായ അളവിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിരോധിച്ച ക്രീമാണ് ഇത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഇടുക്കിയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഈ ക്രീമുകള്‍ പിടിച്ചെടുത്തു.
ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജൻസ് ഈ ആഴ്ച നടത്തിയ പരിശോധനയിലാണ് പലയിടത്തുനിന്ന് ക്രീം പിടിച്ചെടുത്തത്. കേസെടുത്ത് തുടര്‍നടപടി ആരംഭിച്ചതായി ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇൻസ്‌പെക്ടര്‍ മാര്‍ട്ടിൻ ജോസഫ് അറിയിച്ചു. കൊച്ചിയില്‍നിന്നാണ് ഇത്തരം ക്രീമുകള്‍ എത്തുന്നതെന്ന് വ്യാപാരികള്‍ മൊഴി നല്‍കി. എന്നാല്‍, ഇത് പാക്കിസ്ഥാൻ നിര്‍മ്മിതമാണെന്നോ അവിടെ നിരോധിച്ചിട്ടുണ്ടെന്നോ ഒന്നും വ്യാപാരികള്‍ക്ക് അറിയില്ല. ബ്രാൻഡഡ് ക്രീമുകളേക്കാള്‍ ലാഭം കിട്ടുന്നതിനാല്‍ വില്‍പ്പന നടത്തുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇതേപോലെ മുൻനിര കമ്ബനികളുടേത് എന്ന് തോന്നിപ്പിക്കുന്ന വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഇടുക്കി ജില്ലയില്‍ കൂടുതല്‍ എത്തുന്നുണ്ട്. ഷേവിങ് ലോഷൻ, ടാല്‍ക്കംപൗഡര്‍, ബോഡി സ്‌പ്രേ, ലിപ്സ്റ്റിക്, മുഖം വെളുക്കാനുള്ള ക്രീം തുടങ്ങിവ ഇതില്‍ ഉള്‍പ്പെടും.
ഇവയിലൊക്കെ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കളുണ്ട്. ഇവ അലര്‍ജിക്കും തൊലിപ്പുറത്തെ അര്‍ബുദത്തിനും കാരണമാകും. വ്യാജ സൗന്ദര്യ വര്‍ധക വസ്തുകള്‍ ഉപയോഗിച്ച് ജില്ലയില്‍ ആരെങ്കിലും ചികിത്സ തേടിയതായി അറിയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. മനോജ് അറിയിച്ചു. ഇവയുടെ ഉപയോഗംകൊണ്ട് കിഡ്‌നി-കരള്‍ രോഗങ്ങള്‍, അലര്‍ജി തുടങ്ങിയവ ഉണ്ടാകാമെന്ന് അദ്ദേഹം അറിയിച്ചു.