കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ സ്കൂള്‍ ഓഡിറ്റോറിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു
കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളില്‍ പുതിയ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ഇടുക്കി ജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള പുരസ്കാരം ലഭിച്ച കട്ടപ്പന ജി ടി എച്ച് സ്കൂള്‍ സമിതിയെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായുള്ള ഇടപെടല്‍ നടത്തും. വിദ്യാഭ്യാസപുരോഗതിയാണ് നാടിന്റെ സംസ്കാരത്തിന്റെയും വികസനത്തിന്റെയും അടിത്തറ. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനു വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. .
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പിടിഎ പ്രസിഡന്റ് ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനകായികമേളയില്‍ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും സ്പോര്‍ട്സ് അധ്യാപകന് ടിബിന്‍ ജോസഫിനെയും യോഗത്തില്‍ അനുമോദിച്ചു.
കട്ടപ്പന നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, ധന്യ അനില്‍, എസ്.എം.സി. ചെയര്മാന് മനോജ് പതാലില്‍, സ്കൂള്‍ പ്രിന്‍സിപ്പള്‍ മിനി ഐസക്, എച്ച്.എം. ശാരദാദേവി, മുന്‍ പിടിഎ പ്രസിഡന്റ് ജേക്കബ് ജോസ്, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.