ഇടുക്കി മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് വരെയുള്ള റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു. വീതികൂട്ടി നിര്‍മിക്കുന്ന ജോലിയാണ് ജൂണ്‍ പകുതിയോടെ നിര്‍മാണം നിലച്ചത്.
ജില്ല ആസ്ഥാനത്തിനും ചെറുതോണിക്കും ഏറെ പ്രയോജനമുള്ള റോഡാണിത്. ചെറുതോണി മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള റോഡ് നവീകരിച്ചാല്‍ ചെറുതോണിയില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ക്കും പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമായിരുന്നു. ജൂണ്‍ 14നാണ് നിര്‍മാണമാരംഭിച്ചത്. എന്നാല്‍, രണ്ടുമാസത്തിനു ശേഷം നിലച്ചു. പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നിര്‍മാണത്തിന് തടസ്സമായത്.
ഇടുക്കി അണക്കെട്ടിനോട് അടുത്തുള്ള പ്രദേശമായതിനാല്‍ പാറ പൊട്ടിക്കാൻ തടസ്സം വന്നു. ഇതോടെ പാറ മുറിച്ചുമാറ്റാൻ അനുമതി തേടിയെങ്കിലും ധനവകുപ്പ് അനുമതി നല്‍കിയില്ല. പാറ മുറിച്ചുമാറ്റാൻ കൂടുതല്‍ തുക ചെലവാകും എന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്.
ചെറുതോണി മുതല്‍ പെട്രോള്‍ പമ്ബ് വരെ മണ്ണെടുത്ത് മാറ്റിയശേഷം പാറ പൊട്ടിക്കുകയും പൊട്ടിക്കുന്ന പാറകള്‍ ഉപയോഗിച്ച് ഡി.ആര്‍ നിര്‍മിച്ച് മണ്ണിട്ട് നികത്തി ചെറുതോണി പമ്ബ് മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള പാതക്ക് മൂന്നു മീറ്റര്‍ വീതി വര്‍ധിപ്പിക്കാനുമായിരുന്നു പദ്ധതി.