കാട്ടാന ഭീതി ഒഴിയാതെ ചിന്നക്കനാല്‍
അടിമാലി: നാടിനെ വിറപ്പിച്ച് വിലസിയ അരിക്കൊമ്പനെ നാടുകടത്തിയെങ്കിലും ചിന്നക്കനാല്‍ പഞ്ചായത്തില്‍ കാട്ടാന ശല്യം ഒഴിയുന്നില്ല.
ഞായറാഴ്ച രണ്ട് ആദിവാസികള്‍ ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായ സംഭവത്തിലും കാട്ടാനകളാണ് വില്ലന്മാരായത്. 301 കോളനി നിവാസികളായ ഗോപി, സജീവൻ എന്നിവരെയാണ് കാണാതായത്. പൂപ്പാറയില്‍ പോയി മടങ്ങിവരവെ തങ്ങളുടെ കോളനിക്ക് സമീപം ജലാശയത്തിനരികില്‍ കാട്ടാനകളെ കാണുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. മറുവശത്തേക്ക് വള്ളം അടുപ്പിക്കാമെന്ന് കരുതിയെങ്കിലും അവിടെ ഒറ്റയാന്‍റെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടു. വള്ളം തിരിക്കുന്നതിനിടെ കാറ്റില്‍ നിയന്ത്രണം വിട്ടുമറിയുകയും ഇരുവരെയും കാണാതാവുകയുമായിരുന്നു.
2005ല്‍ എ.കെ. ആന്‍റണി മന്ത്രിസഭയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആദിവാസികളെ ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് 301 കോളനി സ്ഥാപിച്ച് കുടിയിരുത്തിയത്. അതിനുശേഷം അഞ്ചു വര്‍ഷത്തിനിടെ 20ലേറെ പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഭൂരിഭാഗം ആദിവാസികളും 301 കോളനി വിട്ട് പലായനം ചെയ്തു. പിടിച്ചുനിന്നവരില്‍ പലരെയും പല സമയങ്ങളിലായി കാട്ടാനകള്‍ കൊലപ്പെടുത്തി. അരിക്കൊമ്പൻ ഇവിടം താവളമാക്കി വിലസിയതോടെ വലിയ പ്രതിഷേധം ഉയരുകയും ഒടുവില്‍ കൊമ്പനെ പിടികൂടി നാടുകടത്തുകയും ചെയ്തു. എന്നാല്‍, ചക്കക്കൊമ്പനടക്കമുള്ള കാട്ടാനകള്‍ ഇവിടെ ഭീഷണി തുടരുന്നുണ്ട്. കാട്ടാനകള്‍ കൂട്ടത്തോടെ എത്തുന്നത് ആനയിറങ്കല്‍ ഡാമില്‍നിന്ന് വെള്ളം കുടിക്കാനും തീറ്റതേടിയുമാണ്.