ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ നിർമാതാക്കളായ നെസ്ലേയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോഗ്യകരമല്ലെന്ന് റിപ്പോർട്ട്.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ നിർമാതാക്കളായ നെസ്ലേയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോഗ്യകരമല്ലെന്ന് റിപ്പോർട്ട്. ഇതിൽ ചിലത് എത്ര മെച്ചപ്പെടുത്തിയാലും ഗുണനിലവാരം ഉയർത്താൻ സാധിക്കാത്തതാണെന്നും കമ്പനിയുടെ ആഭ്യന്തര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
കിറ്റ് കാറ്റ്, മാഗി, നെസ്കഫേ തുടങ്ങിയ ജനപ്രിയ ഭക്ഷണങ്ങളുടെ ഉത്പാദകരായ നെസ്ലേയ്ക്ക് വിപണിയിൽ കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നെസ്ലേ കമ്പനി പുറത്തിറക്കിയ 60 ശതമാനം ഉത്പന്നങ്ങളാണ് റേറ്റിംഗിൽ മോശം പ്രകടനം കാഴ്ചവെച്ചത്. ഇതിൽ നെസലേയുടെ സിഗ്നേച്ചർ ഉത്പന്നമായ ശുദ്ധമായ കാപ്പി ഉൾപ്പെടില്ല. നെസ്ലേയുടെ 37 ശതമാനം ഉത്പന്നങ്ങൾക്ക് മാത്രമാണ് അഞ്ചിൽ 3.5 റേറ്റിംഗ് ലഭിച്ചത്.
വെള്ളം, പാൽ ഉത്പന്നങ്ങൾ എന്നിവയ്ക്ക മാത്രമാണ് മെച്ചപ്പെട്ട റേറ്റിംഗ് ലഭിച്ചത്. റിപ്പോർട്ട് പ്രകാരം നെസ്ലേയുടെ ഡിഗിയോണോ ത്രീ മീറ്റ് ക്രോയിസന്റ് ക്രസ്റ്റ് പീസയിൽ 40 ശതമാനം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ കമ്പനിയുടെ ഹോട്ട് പോക്കറ്റ് പെപ്പറോണി പീസയുൽ മനുഷ്യ ശരീരത്തിൽ അനുവദനീയമായതിലുമുപരി 48 ശതമാനം സോഡിയമാണ് അടങ്ങിയിരിക്കുന്നത്.
ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ഉത്പന്നങ്ങളിൽ ഒന്നായിരുന്നു ഓറഞ്ച് ഫ്ലേവർ പാനിയമായ സാൻ പെലെഗ്രീനോ ഡ്രിങ്ക്, ഈ ഉത്പന്നത്തിന് ഇ ഗ്രേഡാണ് ലഭിച്ചത്. ഓരോ 100 എംഎല്ലിലും 7.1 ഗ്രാം പഞ്ചസാരയാണ് ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ റിപ്പോർട്ടിൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണം, ശിശു ഭക്ഷണം, എന്നിവ ഉൾപ്പെട്ടിട്ടില്ല.
അതേസമയം, തങ്ങൾ ഗുണനിലവാരും വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞുവെന്ന് നെസ്ലേ അധികൃതർ പറയുന്നു. കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന സോഡിയം പഞ്ചസാര എന്നിവയുടെ അളവ് 14-15 ശതമാനം കുറഞ്ഞുവെന്ന് കമ്പനി അവകാശപ്പെടുന്നു.