യുഡിഎഫ് പ്രവർത്തകരും, യുഡിഎഫ് നേതൃത്വം നൽകുന്ന സ്ഥാപനങ്ങളും നവ കേരള സദസ്സ് എന്ന പേരിൽ നടത്തുന്ന സർക്കാരിന്റെ തട്ടിപ്പിൽ സഹകരിക്കരുതെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവ കേരള സദസ്സ് എന്ന പേരിൽ നടത്തുന്ന രാഷ്ട്രീയ പ്രചാരണ വാഹനജാഥയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയ സർക്കാർ നടപടി അധികാര ദുർവിനിയോഗവും നിയമാനുസൃത പിടിച്ചുപറിയും ആണെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു.
രാജ്യത്ത് പ്രളയം വരൾച്ച പോലെയുള്ള ദുരന്തങ്ങൾ കോവിഡ് പോലെയുള്ള മഹാമാരികൾ എന്നിവയൊക്കെ നേരിടാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടാൽ അതിന് നീതീകരണമുണ്ട് .ഇലക്ഷൻ പ്രചരണാർത്ഥം ഭരണ മുന്നണി നടത്തുന്ന രാഷ്ട്രീയ പ്രചാരണ പരിപാടിക്ക് പണം നൽകണമെന്ന് പറയുന്നതിലെ ന്യായമെന്താണെന്ന് ഗവൺമെന്റ് വ്യക്തമാക്കണം. ഇക്കാര്യത്തിൽ അന്യായമായിട്ട് ഒന്നുമില്ല എന്നാണ് ഗവൺമെന്റ് നിലപാടെങ്കിൽ യുഡിഎഫ് നടത്തുന്ന ജനവിചാരണ സദസ്സിനും തുല്യമായ തുക നൽകുന്നതിന് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാൻ സർക്കാർ തയ്യാറാകുമോ?.സർക്കാർ ഫണ്ടുകൾ എല്ലാം ധൂർത്തടിച്ച് ട്രഷറികൾ കാലിയാക്കിയ ഗവൺമെന്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്കുകളിലെ തനത് ഫണ്ടിൽ നിന്നും കയ്യിട്ടുവാരുന്നതിനാണ് ഉത്തരവിറക്കിയിരിക്കുന്നത്. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ തനത് ഫണ്ടിൽ നിന്നും എങ്ങനെ പണം നൽകുമെന്ന് വ്യക്തമാക്കണം. സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ നിക്ഷേപകർക്ക് പണം തിരിച്ചു നൽകുവാൻ സ്ഥാപനങ്ങൾ വലയുന്ന സമയത്ത് അവരെ സഹായിക്കേണ്ടതിന് പകരം അവരുടെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ടുവാരുവാൻ സിപിഐ എമ്മിന് അല്ലാതെ മറ്റൊരു പാർട്ടിക്കും മനോധൈര്യം ഉണ്ടാവുകയില്ല. കുടുംബശ്രീക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, വിവിധ മിഷനുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർ തുടങ്ങിയവർ സർക്കാരിന്റെ കുപ്രചരണങ്ങളിൽ കുടുങ്ങാതെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ കമ്പനികളിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ വാങ്ങി കിറ്റുകൾ നൽകി, സാധനങ്ങൾ നൽകിയ കമ്പനികളെ കബളിപ്പിച്ചും ജനങ്ങളെ വഞ്ചിച്ചും ഭരണം പിടിച്ചതുപോലെയുള്ള ഇടതുപക്ഷത്തിന്റെ കപട തന്ത്രമാണ് നവകേരള സദസ്സ് എന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. യുഡിഎഫ് പ്രവർത്തകരും യുഡിഎഫ് നേതൃത്വം നൽകുന്ന സ്ഥാപനങ്ങളും സർക്കാരിന്റെ തട്ടിപ്പ് പരിപാടിയിൽ സഹകരിക്കരുതെന്ന് ചെയർമാൻ മുന്നറിയിപ്പ് നൽകി.