ജവഹർ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാര നിറവിൽ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂൾ
ഗവ. സ്കൂളുകളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗവ.സ്കൂൾ ടീച്ചേർസ് വെൽഫെയർ ഓർഗനൈസേഷൻ്റെ ജവഹർ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂളിന് ലഭിച്ചു.
ജില്ലയിലെ മികച്ച ഹൈസ്കൂൾ വിഭാഗത്തിലാണ് ഗാന്ധിജി സ്കൂളിന് പുരസ്കാരം ലഭിച്ചത്. തൊടുപുഴ ഡോ.എ പി ജെ അബ്ദുൾ കലാം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ശാസ്ത്ര ഗവേഷകർക്കുള്ള ശാന്തി സ്വരൂപ ഭട്നാഗർ പുരസ്കാര ജേതാവ് ഡോ.എ.റ്റി.ബിജു എന്നിവരിൽ നിന്നും പി ടി എ പ്രസി.കെ.ജെ ഷൈൻ, സീനിയർ അസി. ഉഷ.കെ എസ് , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
അധ്യാപകരുടെയും പി ടി എ യുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമമാണ് സ്കൂളിൻ്റെ വളർച്ചയ്ക്കും വികസനത്തിനും കാരണമെന്നും പുരസ്കാരനേട്ടം അഭിമാനകരമെന്നും സ്കൂളധികൃതർ പറഞ്ഞു.
കിൻ്റർഗാർഡൻ വിഭാഗം മുതൽ പത്താം ക്ലാസ് വരെ വിവിധ ഡിവിഷനുകളിലായി 1864 കുട്ടികളാണ് സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളായ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ പഠിക്കുന്നത്. 2022 – 22 വർഷത്തെ പ്രവർത്തന മികവ് മുൻ നിർത്തിയാണ് സ്കൂളിന് പുരസ്കാരം ലഭിച്ചത്.
പ്രൈമറി വിഭാഗത്തിൽ വണ്ടിപ്പെരിയാർ ഗവ. യു പി എസും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ രാജാക്കാട് ജിഎച്ച്എസും മികച്ച പി ടി എ യിൽ ജിഎച്ച എസ് പഴയരിക്കണ്ടവും ശ്രേഷ്ഠ വിദ്യാലയ അവാർഡുകൾ കരസ്ഥമാക്കി. ഇതോടൊപ്പം മികച്ച അധ്യാപകർക്കും ജവഹർ കലാ സാഹിത്യ പുരസ്കാര ജേതാക്കൾക്കും മികച്ച നേട്ടം കൈവരിച്ച ജിഎസ്ടിഡബ്ല്യു ഒ അംഗങ്ങളുടെ മക്കൾക്കും ഉപഹാരം നല്കി ആദരിച്ചു.