നാളെ ദീപാവലി; ഒരുക്കങ്ങളുമായി തോട്ടം മേഖല
മൂന്നാര്‍: ദീപാവലി ഒരുക്കവുമായി മൂന്നാര്‍ ടൂറിസം, തോട്ടംമേഖല. പ്രളയത്തിനും കോവിഡിനും ശേഷം ദീപാവലി സീസണ്‍ മൂന്നാറില്‍ പച്ചപിടിച്ചിരുന്നില്ല.ഇക്കുറി ഇതിന് മാറ്റംവരുമെന്ന സൂചനകളാണുള്ളത്. ഹോട്ടലുകളിലെ മുൻകൂര്‍ ബുക്കിങ്ങാണ് സഞ്ചാരികളുടെ ഒഴുക്കുണ്ടാവുമെന്ന പ്രതീക്ഷ നല്‍കുന്നത്. ഉത്തരേന്ത്യൻ സന്ദര്‍ശകരാണ് ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മൂന്നാറിലെത്തുന്നവരില്‍ ഏറെയും.
വൻകിട, ഇടത്തരം ഹോട്ടലുകളിലെല്ലാം വരും ദിവസങ്ങളില്‍ മുൻകൂര്‍ ബുക്കിങ്ങാണ്.ദീപാവലിക്ക് ശേഷമാണ് സാധാരണ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.അതിനാല്‍ത്തന്നെ ഇന്നുമതല്‍ ഒരാഴ്ച മൂന്നാറില്‍ സന്ദര്‍ശകത്തിരക്കുണ്ടാവും. ഉത്സവ സീസനാണെങ്കിലും മൂന്നാറില്‍ ഹോട്ടല്‍ വാടക നിരക്കില്‍ വര്‍ധന വരുത്തിയിട്ടില്ലെന്ന് അതിഥേയ മേഖലയിലുള്ളവര്‍ പറയുന്നു.
തമിഴ് ഭൂരിപക്ഷമായ തോട്ടം മേഖലയും ദീപാവലി ആഘോഷച്ചൂടിലാണ്. തോട്ടം തൊഴിലാളികള്‍ക്ക് ശമ്ബളം ലഭിക്കുന്നത് ഈ ദിവസങ്ങളിലാണെന്നതും ദീപാവലി ഞായറാഴ്ച ആണെന്നതും തോട്ടം മേഖലയിലെ ആഘോഷങ്ങളുടെ മാറ്റ് കൂട്ടും.
കോവിഡിന് ശേഷം കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂന്നാറില്‍ പടക്ക വില്‍പനക്ക് അനുമതി നല്‍കിയിരുന്നില്ല. ഇത്തവണ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇതിന് ലൈസൻസ് ലഭിച്ചതിനാല്‍ പടക്ക വിപണിയും സജീവമാവും. തിരക്ക് മുന്നില്‍ക്കണ്ട് വ്യാപാര സ്ഥാപനങ്ങളെല്ലാം സ്റ്റോക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഗതാഗത തിരക്ക് നിയന്ത്രിക്കാൻ പ്രധാന ടൂറിസം കേന്ദ്രങ്ങളിലുള്‍പ്പെടെ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.