കർഷക സംഘടനകളുടെ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണ് UDF ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
സർക്കാർ പാസാക്കിയ ഭൂവിനിയോഗ ഭേദഗതി ബില്ലിലെ ജനദ്രോഹപരവും അശാസ്ത്രീയവുമായ ന്യൂനതകൾ ചൂണ്ടിക്കാട്ടി ജില്ലയിലെ കർഷക സംഘടനകൾ നടത്തുന്ന സമരപരിപാടികളെ അടിച്ചമർത്തുന്നതിന് സംഘടന നേതാക്കളെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസിൽ പ്രതികൾ ആക്കുന്നതും അവരെ തെരുവിൽ മാർക്സിസ്റ്റ് പാർട്ടിക്കാർ കയ്യേറ്റം ചെയ്യുന്നതും തികഞ്ഞ പൗരാവകാശ ലംഘനവും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു.
1960ലെ നിയമവും 1964 ചട്ടങ്ങളും അനുസരിച്ച് നൽകിയിരിക്കുന്ന പട്ടയങ്ങളിൽ ഭൂമി വീട് നിർമ്മിക്കുന്നതിനും കൃഷിക്കും വിനിയോഗിക്കാം എന്ന ചട്ടങ്ങളിലെ വ്യവസ്ഥയിൽ ‘മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം’ എന്ന് മുൻകാല പ്രാബല്യത്തോടെ ചട്ടം ഭേദഗതി ചെയ്താൽ പരിഹരിക്കാമായിരുന്ന കാര്യം നിയമഭേദഗതിയിലൂടെ സങ്കീർണ്ണമാക്കിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്.
നിയമ ഭേദഗതിയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് അവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾ നടത്തുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ വസ്തുതകൾ സഹിഷ്ണുതയോടെ ഉൾക്കൊണ്ടു പോരായ്മകൾ തിരുത്തേണ്ടതിനു പകരം സത്യം പറയുന്നവരെ ഉപദ്രവിക്കുന്നത് മനുഷ്യത്വരഹിതമാണ്.
നിയമ ഭേദഗതിയിലെ ക്രമവൽക്കരണം, ഫീസ് ചുമത്തൽ, ഭാവിയിൽ ഭൂമി ഉപയോഗിക്കുന്നതിലെ അവ്യക്തത തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം ചെയ്യുന്ന എല്ലാ കർഷക സംഘടനകൾക്കും സാമുദായിക സംഘടനകൾക്കും യുഡിഎഫ് പിന്തുണ നൽകും.
ജില്ല കളക്ടറെയും റവന്യൂ ഉദ്യോഗസ്ഥരെയും നിലക്കു നിർത്തുവാൻ കഴിയാതെ ഭരണത്തിലിരുന്ന് പെരുവഴിയിൽ അവർക്കെതിരെ സമരവുമായി നടക്കുന്ന ഇടതുപക്ഷ നേതാക്കളാണ് കർഷകസംഘടന നേതാക്കളെ കയ്യേറ്റം ചെയ്യുന്നത്.
നിയമ ഭേദഗതിയിലെ അപാകതകൾക്കെതിരെയുള്ള ജനമുന്നേറ്റത്തെ മാർക്സിസ്റ്റ് പാർട്ടിക്ക് അടിച്ചമർത്താൻ കഴിയില്ലെന്നും ഗവൺമെന്റ് അപാകതകൾ പരിഹരിക്കുന്നതുവരെ ഐക്യ ജനാധിപത്യ മുന്നണി ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.