ടെക്നിക്കല്‍ സ്‌കൂള്‍ സംസ്ഥാന ശാസ്ത്രസാങ്കേതിക മേളക്ക് അടിമാലിയില്‍ തുടക്കം : മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു
അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തും
സാങ്കേതികവിദ്യ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഇക്കാലത്ത് സംസ്ഥാനത്തെ ടെക്നിക്കൽ സ്‌കൂളുകൾ പ്രശംസനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. അടിമാലി സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . പ്രവര്‍ത്ത്യോന്മുഖ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം. ആപ്പുകളും ഡിവൈസുകളും മാറ്റിവച്ചുകൊണ്ടുള്ള മനുഷ്യജീവിതം സാധ്യമല്ലാതായിത്തിരുന്ന കാലഘട്ടമാണിത്. ഏറ്റവും മികവുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അകലം കുറച്ച് തൊഴില്‍ നൈപുണ്യ വികസനം നടപ്പാക്കിയിട്ടുള്ള സ്ഥാപനങ്ങളാണ് ടെകനിക്കല്‍ സ്‌കൂളുകളും പോളിടെക്‌നിക്കുകളും. അവയുടെ പ്രവര്‍ത്തന മികവിനായുള്ള ഇടപെടലുകളാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, സൈബര്‍ സെക്യൂരിറ്റി, മിഷ്യന്‍ ലേണിംഗ് തുടങ്ങിയ നൂതന വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ കുട്ടികള്‍ ആത്മവിശ്വാസത്തോടെ കടന്ന് ചെല്ലണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിന് കാലാനുസൃതമായ കോഴ്സുകളാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്തുമെന്ന് മന്ത്രി ഉറപ്പ്‌നല്‍കി. പുതിയ കോഴ്‌സുകള്‍ അനുവദിക്കണമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച എംഎല്‍എ എ രാജ ആവശ്യപ്പെട്ടു . ഉറപ്പായും പരിശോധനകള്‍ നടത്തി വിഷയം പരിഗണിക്കാമെന്ന് മന്ത്രി മറുപടി പറഞ്ഞു.
സംസ്ഥാനത്തെ 48 ടെക്‌നിക്കല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അടിമാലി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സാങ്കേതിക മേളയില്‍ പങ്കെടുക്കുന്നുണ്ട്. പവര്‍ സ്റ്റേഷന്‍, സോളാര്‍ സിസ്റ്റം, എക്കോ റിക്ലെയ്മര്‍, 2ഡി പ്ലോട്ടര്‍, മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം, സ്മാര്‍ട്ട് ഹൗസ്, ബഹിരാകാശ വാഹനം തുടങ്ങി നിരവധി ചെറുമാതൃകകളാണ് കുട്ടിശാസ്ത്രജ്ഞര്‍ ശാസ്ത്ര സാങ്കേതിക മേളയില്‍ ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്റ്റാളുകള്‍ സൗജന്യമായി സന്ദര്‍ശിക്കാം. ശനിയാഴച ശാസ്ത്രസാങ്കേതിക മേള സമാപിക്കും. സമാപന സമ്മേളനം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എ.രാജ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈകിട്ട് 6.30 ന് കലാസന്ധ്യ അരങ്ങേറും.
അടിമാലി സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അങ്കണത്തല്‍ ചേര്‍ന്ന യോഗത്തില്‍ എ.രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാന്റി ബേബി, ത്രിതല പഞ്ചായത്തംഗങ്ങളായ സനല രാജേന്ദ്രന്‍, സി.ഡി ഷാജി, ജിന്‍സി മാത്യു, കോയ അമ്പാട്ട്, എംഎസ് ചന്ദ്രന്‍, ബാബു പി കുര്യാക്കോസ്, സനിത സജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ആര്‍ രാമചന്ദ്രന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ സോളമന്‍ പി.എ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ചാണ്ടി പി അലക്‌സാണ്ടര്‍, ടി.കെ ഷാജി, കെ.എം ഷാജി, പി.എ ബഷീര്‍, വിഎന്‍ സുരേഷ്, അടിമാലി ടെക്‌നിക്കല്‍ സ്‌കൂള്‍ സൂപ്രണ്ട് ടി.പി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു .