യു ഡി എഫ് ജന വിചാരണ സദസ്സ്
പിണറായി വിജയൻ ഗവൺമെന്റിന്റെ അഴിമതി ഭരണത്തിനെതിരെയും ഇടതുപക്ഷ ഗവൺമെന്റ് ഇടുക്കി ജില്ലയോട് കാണിക്കുന്ന അവഗണനകൾക്കെതിരെയും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ഇടുക്കി ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും ‘ജന വിചാരണ സദസ്സ്’ നടത്തുവാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു. ക്ഷേമപെൻഷൻ, വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞിയുടെ പണം, കുടുംബശ്രീക്കാരുടെ ജനകീയ ഹോട്ടലിന്റെ സർക്കാർ സഹായം, നെൽ കർഷകന്റെ നെല്ലിന്റെ വില, ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഇവയൊന്നും നൽകാൻ കഴിയാതെ ജനങ്ങളെ പട്ടിണിയിട്ടിരിക്കുന്ന സംസ്ഥാന ഗവൺമെന്റ് കേരളത്തിന്റെ പേര് ലോകത്തിന്റെ നെറുകയിൽ കൊണ്ടുവരുന്നതിന് കേരളീയം പരിപാടി സംഘടിപ്പിച്ചത് വലിയ വിരോധാഭാസമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത അഡ്വ. ഫ്രാൻസിസ് ജോർജ് എക്സ് എം.പി അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ കണക്കിലെടുക്കാതെ ഉദ്യോഗസ്ഥന്മാരുടെ അഭിപ്രായം മാത്രം പരിഗണിച്ച് പാസാക്കിയിരിക്കുന്ന ഭൂവിനിയോഗ ഭേദഗതി ബിൽ കരിനിയമമാണ്, ഇത് അടിച്ചേൽപ്പിക്കാൻ ഗവൺമെന്റിനെ അനുവദിക്കുന്ന പ്രശ്നമില്ല. മൂന്നാർ മേഖലയിലെ ദൗത്യസംഘത്തിന്റെ അഭ്യാസപ്രകടനവും ഭരണപക്ഷം നടത്തുന്ന നാടകങ്ങളും യഥാർത്ഥ കയ്യേറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ്. 13 പഞ്ചായത്തുകളിലെ കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുവാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണം. ഡിസംബർ 9ന് ഇടുക്കി, 10 – ദേവികുളം, 16 – തൊടുപുഴ, 17 – പീരുമേട്, 20 – ഉടുമ്പൻചോല എന്നീ ക്രമത്തിൽ ‘ജനവിചാരണ സദസ്സ്’ നടത്തുന്നതിനും നവംബർ 11 – ദേവികുളം, 12 – പീരുമേട്, 14 – ഇടുക്കി, തൊടുപുഴ എന്നീ തീയതികളിൽ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികൾ കൂടുവാനും ഇടുക്കി ഡിസിസി ഓഫീസിൽ ചേർന്ന ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. യോഗത്തിൽ സിപി മാത്യു, അഡ്വ ഡീൻ കുര്യാക്കോസ് എംപി, അഡ്വ. ഇഎം ആഗസ്തി ടി.എ സലിം, എ.പി ഉസ്മാൻ, ജോയി കൊച്ചു കരോട്ട്, സെബാസ്റ്റ്യൻ എസ് വിളക്കുന്നേൽ, എം ടി അർജുനൻ, നോബിൾ ജോസഫ്, അഡ്വ. തോമസ് പെരുമന എന്നിവർ പങ്കെടുത്തു