ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാമിലെ ശൂലപ്പാറയിൽ ജിയോളജി വകുപ്പിൻ്റെ സർവ്വെ . പഞ്ചായത്തിനെയോ വില്ലേജിനെയോ അറിയിക്കാതെയാണ് നടപടി. പ്രതിഷേധവുമായി ജനപ്രതിനിധികൾ
.ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ശാന്തിഗ്രാമിലാണ് വലിയപാറ നിലകൊള്ളുന്നത്. പാറയിൽ ശൂലം നിലനിൽക്കുന്നതിനാൽ ഇത് ശൂലപ്പാറയെന്നും അറിയപ്പെടുന്നു. ഈ പാറയാണ് ജിയോളജിക്കൽ സർവ്വേയിലെ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന നാലോളം പേരെത്തി അളന്നത്. സംഭവമറിഞ്ഞ് സമീപവാസികൾ ഇതുസംബന്ധിച്ച് ഇവരോട് ചോദിച്ചെങ്കിലും വ്യക്തമായി മറുപടി നല്കിയില്ല. അതു കൊണ്ടു തന്നെ നാട്ടുകാർ ഇരട്ടയാർ പഞ്ചായത്തംഗങ്ങളെ അറിയിക്കുകയും സ്ഥലത്തെത്തിയ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് പഞ്ചായത്തിലോ വില്ലേജിലോ അറിയിക്കാതെ സർവ്വേ എന്തിനെന്ന് ചോദിച്ചപ്പോൾ നിങ്ങളെ അറിയിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ തട്ടിക്കയറിയതായും പരാതി ഉയർന്നു.
തുടർന്ന് ഇവർ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്ന ബോർഡു വച്ച വാഹനത്തിൽ കയറി പോകുകയും ചെയ്തു
തുടർന്ന് വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷ ഷാജിയും പഞ്ചായത്തംഗങ്ങളും ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തി. ജിയോളജി സർവ്വേ സംബന്ധിച്ച് ഗ്രാമപഞ്ചായത്തിലോ വില്ലേജിലോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും
കാരണം വ്യക്തമാക്കാതെയുള്ള ഇത്തരം സർവ്വേ പഞ്ചായത്തിൽ അനുവദിക്കില്ലെന്നും വീണ്ടും ഇവർ സർവ്വേയ്ക്ക് എത്തിയാൽ തടയുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി പറഞ്ഞു.
ജനപ്രതിനിധികളോടു പോലും കാര്യം വ്യക്തമാക്കാതെ കേന്ദ്ര ജിയോളജി സംഘം ഇവിടെ സർവ്വേ നടത്തിയതിൽ പ്രദേശവാസികളും ആശങ്കാകുലരാണ്. ബന്ധപ്പെട്ട അധികാരികൾ ഇതിൻ്റെ ഉദ്ദേശലക്ഷ്യം വ്യക്തമാക്കണമെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം.