പട്ടയത്തിനായി വര്‍ഷങ്ങളുടെ കാത്തിരിപ്പ്; കുടിയിറക്കല്‍ ഭീതിയില്‍ ഒരുഗ്രാമം…
പട്ടയത്തിന് അപേക്ഷ നൽകി വർഷങ്ങൾ കാത്തിരുന്നിട്ടും പട്ടയം ലഭിക്കാതെ ഇടുക്കി മൂന്ന് ചെയിൻ നിവാസികൾ. മേഖലയിൽ പട്ടയം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ് വാക്കായി. ഇതോടെ ഭൂമിയിൽ നിന്നും കുടിയിറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് പ്രദേശത്തെ കർഷകർ. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അയ്യപ്പൻകോവിൽ മൂന്ന് ചെയിനിലെ ജനങ്ങൾ പട്ടയത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളെറയായി. 2018ൽ മേഖലയിലെ ഭൂമി വൈദ്യുത വകുപ്പിന് ആവശ്യമില്ലെന്നും ഉടൻ റവന്യു വകുപ്പിന് കൈമാറുമെന്നും മന്ത്രി എം എം മണി പ്രഖ്യാപിച്ചിരുന്നു കെഎസ്ഇബി യുടെ പരിധിയിൽ നിന്ന് മാറ്റി മേഖലയിൽ മുഴുവൻ പട്ടയം നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ മൂന്ന് ചെയിനിൽ ഒഴികെ പട്ടയം നൽകിയതോടെ പ്രതിഷേധം കനത്തു. ഇതോടെ സർവേ നടത്തി കെഎസ്ഇബി ഭൂമി കല്ലിട്ട് തിരിച്ചു.
എന്നാൽ മേഖലയിലെ ഭൂമി വൈദ്യുത വകുപ്പിന്റെ അധീനതയിലായതിനാൽ പട്ടയം നൽകാൻ സാധിക്കില്ലെന്നാണ് റവന്യു വകുപ്പിന്റെ വിശദീകരണം. പട്ടയം നൽകാനുള്ള നിയമ തടസം എന്താണെന്ന് വ്യക്തമാക്കുന്നതിൽ ജനപ്രതിനിധികൾ ഒളിച്ചു കളിക്കുകയാണ് എന്നാണ് പ്രാദേശവാസികളുടെ ആരോപണം.