പട്ടയവിതരണം : സര്‍വെ 20 ന് ആരംഭിക്കും
ഇടുക്കി, കല്ലാര്‍കുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയവിതരണത്തിന് മുന്നോടിയായുള്ള സര്‍വെ ഈ മാസം 20 ന് ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് സംസ്ഥാനതല പട്ടയമിഷന്റെ ഭാഗമായി പട്ടയം ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്ന 58 ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ മൂന്ന് ചെയിന്‍, കല്ലാര്‍കുട്ടി ഡാമിന്റെ 10 ചെയിന്‍, ചെങ്കുളം ഡാമിന്റെ 10 ചെയിന്‍ എന്നീ മേഖലകളില്‍ ദീര്‍ഘകാലമായി പട്ടയം അനുവദിക്കണമെന്നുള്ള ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പട്ടയനടപടികളുടെ ആദ്യഘട്ടമായി ഈ മേഖലകളില്‍ സര്‍വെ നടപടികള്‍ ആരംഭിക്കും.
ജില്ലയിലെ പട്ടികവര്‍ഗമേഖലകളില്‍ ഉള്‍പ്പെടെ പട്ടയം അനുവദിക്കുന്നതിന് പുറപ്പെടുവിച്ചിരുന്ന 20/2020 എന്ന സര്‍ക്കാര്‍ ഉത്തരവിലെ സാങ്കേതികപ്രശ്നം പരിഹരിച്ചുകൊണ്ട് ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലകളിലെ പട്ടയം അനുവദിക്കുന്ന നടപടികള്‍ അടിയന്തരപ്രാധാന്യത്തോടെ തുടരും . പീരുമേട് താലൂക്കിലെ ക്ലാപ്പാറ, കൊക്കയാര്‍ എന്നീ പ്രദേശങ്ങളില്‍ 20/2020 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പതിവ് നടപടികള്‍ ആരംഭിക്കും. 2024 ജനുവരി മാസത്തില്‍ 4115 പട്ടയങ്ങളും മെയ് മാസത്തില്‍ 25000 പട്ടയങ്ങളും വിതരണം ചെയ്യുന്നതിന് തീരുമാനം എടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ ഉടന്‍തന്നെ പട്ടയം അനുവദിക്കുന്നതിന് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി വ്യക്തമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഡോ. കൗശിഗന്‍, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് , റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.