കക്ഷിരാഷ്ട്രീയം മറന്ന് യുവാക്കൾ; കോവിഡിനെ ചെറുക്കാൻ കരുതൽക്കൂട്ടായ്മ
മറയൂർ ∙ കക്ഷിരാഷ്ട്രീയം മറന്ന് നാടിനു കരുതലായി യുവാക്കൾ, ജീവൻ പണയം വച്ചും പ്രതിരോധ പരിശ്രമം, രണ്ടാഴ്ച കൊണ്ടു പത്തടിപ്പാലം മേഖലയിൽ കോവിഡ്ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പഞ്ചായത്ത് വാർഡ് തലത്തിൽ തിരഞ്ഞെടുത്ത യുവാക്കളുടെ കൂട്ടായ്മയും ഡിവൈഎഫ്ഐ, സേവാഭാരതി, യൂത്ത് കോൺഗ്രസ്, സഹകരണ ബാങ്ക് തുടങ്ങിയ സന്നദ്ധ സംഘടനകളും യുവാക്കളും അടങ്ങിയതാണ് ഈ കരുതൽക്കൂട്ടായ്മ.
പഞ്ചായത്തിൽത്തന്നെ ഏറ്റവുമധികം കോവിഡ്വ്യാപനം ഉണ്ടായതു കോവിൽക്കടവ് പത്തടിപ്പാലം മേഖലയിലാണ്. ഇവിടെയുള്ള വീടുകളാകട്ടെ തിങ്ങിനിറഞ്ഞതും മതിയായ ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്തതുമാണ്. ഇവിടെ കഴിഞ്ഞ ആഴ്ചകളിൽ അൻപതിലധികം പേരിലാണു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായുള്ള അശ്രാന്തപരിശ്രമം മൂലം ഈ യുവാക്കളുടെ കൂട്ടായ്മയ്ക്കു പ്രദേശത്തു വ്യാപനം പൂർണമായും തടയാനും കോവിഡ്ബാധിതരുടെ എണ്ണം രണ്ടായി കുറയ്ക്കാനും സാധിച്ചു.
പ്രതിരോധത്തിന്റെ ആദ്യഘട്ടമായി രോഗവ്യാപനമുണ്ടായ പ്രദേശം പൂർണമായും അടച്ച് ജനങ്ങൾ പുറത്തിറങ്ങുന്നതു പൂർണമായും തടഞ്ഞു. തുടർന്ന് ഇവർക്കാവശ്യമായ മരുന്ന്, പാൽ, ഭക്ഷ്യവസ്തുക്കൾ മുതൽ തുടങ്ങി എല്ലാത്തരം അവശ്യവസ്തുക്കളും യുവാക്കൾ വീട്ടിലെത്തിച്ചു. കടകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനസമയം വളരെയധികം ചുരുക്കി സമ്പർക്കം ഒഴിവാക്കി.
ചികിത്സ ആവശ്യമുള്ളവരെ സ്നേഹവണ്ടി മുഖേനയും മറ്റും ആശുപത്രികളിലേക്കു മാറ്റി. കോവിഡ്ബാധിതരുടെ വീടും സമീപ പ്രദേശങ്ങളും മറ്റും പൊതു ഇടങ്ങളിലും അണുനാശിനി തെളിച്ചു. രോഗികൾ മാറിമാറി വരുന്ന ഡിസിസി സെന്ററുകളിലും യഥാസമയം അണുവിമുക്തമാക്കി സുരക്ഷ ഉറപ്പാക്കുന്നുണ്ട് ഈ യുവാക്കളുടെ കൂട്ടായ്മകൾ. ഈ യുവാക്കളുടെ കൂട്ടായ്മയാണു രോഗവ്യാപനത്തെ ചെറുത്തുനിർത്താൻ ഏറ്റവുമധികം സഹായിച്ചതെന്നും അഭിനന്ദനാർഹമാണ് ഇവരുടെ സേവനമെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.