കർശനനടപടികൾ, തേയിലത്തോട്ടങ്ങളിൽ കോവിഡ് വ്യാപനം കുറയുന്നു
മൂന്നാർ ∙ അധികൃതരുടെയും തോട്ടം മാനേജ്മെന്റിന്റെയും കർശന നിയന്ത്രണങ്ങൾ മൂലം തേയിലത്തോട്ടങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക്. 9000 തൊഴിലാളികൾ ജോലി ചെയ്യുന്ന കണ്ണൻ ദേവൻ കമ്പനിയിൽ നിലവിൽ ഒരു മൈക്രോ കണ്ടെയ്ൻമെന്റ് സോൺ മാത്രമാണുള്ളത്. പ്രതിദിന കേസുകൾ 40 വരെ ഉയർന്നിടത്ത് ഇപ്പോൾ അതു ശരാശരി പത്തിലേക്ക് എത്തിക്കാനായി.
കണ്ടെയ്ൻമെന്റ് സോണിൽ പെട്ട് തൊഴിലാളികൾക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യവും ഇതോടെ ഇല്ലാതായി. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളുടെയും സഹകരണത്തോടെ കണ്ണൻ ദേവൻ കമ്പനി നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണു നിലവിലെ ആശ്വാസക്കണക്കുകൾക്കു കാരണം.
ജോലിക്ക് ഇറങ്ങുന്നതിനു മുൻപു തൊഴിലാളികളുടെ ശരീര ഊഷ്മാവ് അളന്നും സാനിറ്റൈസ് ചെയ്തും ഇടയ്ക്കിടെ കൈ കഴുകാൻ സൗകര്യം ഒരുക്കിയും പരമാവധി കോവിഡിനെ തടയാൻ ശ്രമിച്ചു. എസ്റ്റേറ്റുകളിൽ നിന്ന് അത്യാവശ്യത്തിനല്ലാതെ തൊഴിലാളികളെ പുറത്തു വിടാതിരുന്നതു നല്ല പ്രതിരോധ മാർഗമായി. തോട്ടങ്ങളിൽ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയും പഞ്ചായത്തിനു മെഡിക്കൽ സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തോട്ടം മാനേജ്മെന്റുകളും മുഖ്യപങ്കു വഹിക്കുന്നു.