ഏറ്റെടുത്ത പദ്ധതികൾ പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ നിയമ നടപടിക്കൊരുങ്ങി നഗരസഭ
ഇതു സംബന്ധിച്ച് ഭരണ പ്രതിപക്ഷമൊരുമിച്ചാണ് കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തത്.
2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത പദ്ധതികൾ കരാറുകാർ പൂർത്തീകരിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഇന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ഉയർന്നത്. ഭരണ പ്രതിപക്ഷ ഭേദമെന്യേ കൗൺസിലർമാർ ഒന്നടക്കം ഇക്കാര്യം നഗരസഭ ചെയർപേഴ്സനെയും സെക്രട്ടറിയെയും എ ഇയേയും അറിയിച്ചു. അടിയന്തര നിർമ്മാണ പ്രവർത്തികൾ പോലും പൂർത്തീകരിക്കാത്തതിനാൽ ജനപ്രതിനിധികൾക്ക് വാർഡുകളിലേക്കിറങ്ങാൻ പോലും ബുദ്ധിമുട്ടനുഭവിക്കുന്നതായും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അലംഭാവം കാട്ടുന്ന കരാറുകാർക്കെതിരെ സാധ്യമായ നിയമ നടപടി സ്വീകരിക്കുമെന്നു ചെയർപേഴ്സൺ പറഞ്ഞു.
ഭേദഗതി വരുത്തിയ പദ്ധതികൾ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. വെള്ളയാംകുടിയിലെ പോസ്റ്റോഫീസ് നവീകരണം, നീന്തൽകുളം നിർമ്മാണം, ജൈവവളം വിതരണം എന്നിവയെല്ലാം പദ്ധതികളിൽ ഉൾപ്പെടുത്തിയതായും ചെയർപേഴ്സൺ അറിയിച്ചു.