‘കേരളത്തിൻ്റെ തൊഴിൽ, ദൈനംദിന ജീവിതം, കൃഷി എല്ലാം പുറംലോകത്തിന് ഓരോ ടൂറിസം പ്രോഡക്ടുകളാണ്’: സന്തോഷ് ജോർജ് കുളങ്ങര
കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന നാടായി മാറിയെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുപ്രധാനമായ നിമിഷങ്ങളാണെന്നും കേരളത്തിലെ ഏറ്റവും സുപ്രധാനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തോടനുബന്ധിച്ച് നടത്തുന്ന ടൂറിസം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഗോഡ്സ് ഓൺ കൺട്രി എന്ന് ലോകത്തെ പല വിമാനത്തവാളങ്ങളിലും എന്റെ യാത്രക്കിടയിൽ കണ്ടിട്ടുണ്ട്. പലയാളുകളും എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് ഗോഡ്സ് ഓൺ കൺട്രി എന്ന്. നമ്മുടെ ഓരോ ഗ്രാമങ്ങളിലും ദൈവങ്ങൾ ഉണ്ട്.
ദൈവങ്ങളുടെ നാടാണ് കേരളം. ദൈവങ്ങളുടെ തെയ്യങ്ങളുടെ നാടാണ്. നമ്മുടെ ഗ്രാമീണമായ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ എല്ലാം ടൂറിസം പ്രൊഡക്ടുകളാക്കി മാറ്റണം. നമ്മുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, ഭക്ഷണരീതി, ദൈനം ദിന ജീവിതം, തൊഴിൽ, കൃഷി എല്ലാം പുറംലോകത്തിന് ഓരോ ടൂറിസം പ്രോഡക്ടുകളാണെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മന്ത്രി എല്ലാ ആശയങ്ങളെയും ഏറ്റെടുക്കുന്നുണ്ടെന്നും കേരളത്തിലെ ടൂറിസത്തിന് അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ് കേരളം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായതില്‍ എനിക്കും അഭിമാനമുണ്ടെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര വ്യക്തമാക്കി.
കേരളത്തിന് ടൂറിസം മേഖലയില്‍ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കണമെന്നും കേരളത്തിലെ മാധ്യമങ്ങള്‍ പറയുന്നത് കേട്ടിട്ട് ടൂറിസം മന്ത്രി ലോക രാജ്യങ്ങള്‍ സഞ്ചരിക്കാതിരിക്കരുതെന്നും മന്ത്രി ഒപ്പം വരൂ നമുക്ക് ലോകസഞ്ചാരത്തിന് പോകാമെന്നും അദ്ദേഹം പറഞ്ഞു.