ദീർഘകാല വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം; റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ കെഎസ്ഇബി
തിരുവനന്തപുരം: റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ഉടൻ റെഗുലേറ്ററി കമ്മീഷനെ സമീപിക്കും. ഇന്നോ നാളെയോ അപേക്ഷ നൽകാനാണ് ശ്രമം. കരാറുകൾ നിയമ വിരുദ്ധമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിലപാടെങ്കിലും സർക്കാർ സമ്മദ്ദത്തിൻ്റെ പശ്ചാത്തലത്തിൽ നിർദ്ദേശം റഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാനാണ് സാധ്യത.
കേന്ദ്ര വിജിലൻസ് കമ്മീഷൻ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ഏർപ്പെട്ട 465 മെഗാവാട്ടിന്റെ 4 വൈദ്യുതി കരാറുകൾ മെയ് മാസം റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിരുന്നു. ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ഇബി അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്തു. ഇതിനിടെയാണ് വൈദ്യുതി നിയമത്തിന്റെ 108 വകുപ്പ് പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച് കരാറുകൾ പുനഃസ്ഥാപിക്കാൻ റെഗുലേറ്ററി കമ്മീഷന് സർക്കാർ കത്ത് നൽകിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് കരാറുകൾ പുനഃസ്ഥാപിച്ചു കിട്ടാൻ കെഎസ്ഇബി വീണ്ടും റെഗുലേറ്ററി കമ്മീഷനെ സമീപിക്കുന്നത്.
ഇന്നോ നാളെയോ അപേക്ഷ നൽകാൻ ആണ് ശ്രമം. നിയമ വിരുദ്ധമായി കരാറിൽ ഏർപ്പെട്ടതിലൂടെ ബോർഡ് കോടികളുടെ അധിക ബാധ്യത ഉണ്ടാക്കിയെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ കണ്ടെത്തൽ. എന്നാൽ വൈദ്യുതി നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ച് കരാറുകൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ റെഗുലേറ്ററി കമ്മീഷൻ വിട്ടുവീഴ്ച ചെയ്യാനാണ് സാധ്യത. അപേക്ഷ നൽകിയാൽ കമ്മീഷന്റെ തീരുമാനം രണ്ടാഴ്ചയ്ക്കകം ഉണ്ടാകും. റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകുന്നതിനോടൊപ്പം തന്നെ വൈദ്യുതി കമ്പനികൾക്കും കെഎസ്ഇബി കത്ത് നൽകും. ചില കമ്പനികൾ വൈദ്യുതി നൽകുന്നതിൽ താത്പര്യ കുറവ് അറിയിച്ചിട്ടുണ്ട്. കമ്മീഷൻ ഉത്തരവ് അനുകൂലമായാൽ കമ്പനികൾക്ക് വൈദ്യുതി നൽകാൻ നിയമപരമായി ബാധ്യത ഉണ്ടെന്നാണ് കെഎസ്ഇബിയുടെ നിലപാട്.