ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ ആവശ്യപ്പെട്ട് സംസ്‌ഥാനതല പ്രക്ഷോഭം തുടരാൻ സി എസ് ഡി എസ്
ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ ആവശ്യപ്പെട്ട് സംസ്‌ഥാനതല പ്രക്ഷോഭം തുടരാൻ സി എസ് ഡി എസ് : ഇടുക്കി ജില്ലാ പ്രചാരണ ജാഥ ജനുവരി 15,16 തീയതികളിൽ നടത്തുമെന്ന് ഇടുക്കി ജില്ലാ നേതൃയോഗം
ദളിത് ക്രൈസ്തവർക്കും പട്ടികജാതി വർഗ്ഗ വിഭാഗങ്ങളും നേരിടുന്നത് സങ്കീർണ്ണമായ പ്രശ്നങ്ങളെന്നും ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണവും പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്ക് ഭൂമിയും അടിയന്തിരമായി അനുവദിക്കണമെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ആവശ്യപ്പെട്ടു. കുട്ടിക്കാനത്ത് ചേർന്ന സി എസ് ഡി എസ് ഇടുക്കി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്‌ഥാനത്ത് 30 ലക്ഷം വരുന്ന ദളിത് ക്രൈസ്തവർക്ക് തൊഴിൽ വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിൽ പ്രതിനിധ്യം ഉറപ്പാക്കുവാൻ പ്രത്യേക സംവരണം ആവശ്യപ്പെട്ട് സി എസ് ഡി എസ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഇടുക്കി ജില്ലയിൽ ജനുവരി 15 16 തീയതികളിൽ വാഹന പ്രചരണ ജാഥ നടത്തുമെന്നും ജില്ലയിലെ നൂറുകണക്കിന് കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം ഒരുക്കുമെന്നും നേതാക്കൾ അറിയിച്ചു.
കേരളത്തിലെ ജാതി നിർമ്മിതികളുടെ പ്രഭവ കേന്ദ്രമായി ദേവസ്വം ബോർഡുകളും സ്വകാര്യ സ്ഥാപനങ്ങളും മാറിയെന്നും ദേവസ്വം ബോർഡുകളിൽ ബ്രാഹ്മണർക്ക് മാത്രം ജോലി അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നും ജനാധിപത്യ സംവിധാനത്തെ നോക്കിയുള്ള വെല്ലുവിളി ആണെന്നും കെ കെ സുരേഷ് ആരോപിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ നടത്തുന്ന സമരങ്ങൾക്ക് മുഖം തിരിച്ചു നിൽക്കുന്ന സർക്കാർ നടപടിയ്ക്ക് തിരിച്ചടി ഉണ്ടാവുമെന്നും കെ കെ സുരേഷ് പറഞ്ഞു.
കുട്ടിക്കാനം തേജസ് ഓഡിറ്റോറിയത്തിൽ ചേർന്ന നേതൃയോഗത്തിൽ ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നും 100 കണക്കിന് നേതാക്കന്മാർ പങ്കെടുത്തു.
സംസ്‌ഥാന സെക്രട്ടറി ലീലാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന വൈസ് പ്രസിഡന്റ് പ്രവീൺ ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ടി എ കിഷോർ,പി സി രാജു,തോമസ്കുട്ടി പെരുംതുരുത്തി,സംസ്‌ഥാന കമ്മിറ്റി ആയ ആഷ്‌ലി ബാബു, മോബിൻ ജോണി പീരുമേട് താലൂക്ക് പ്രസിഡന്റ് കെ വി പ്രസാദ്, സെക്രട്ടറി ജോൺസൺ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു