അയ്യപ്പൻകോവിൽ തൂക്കുപാലത്ത് ശൗചാലയ കോപ്ലക്സിന്റെ നിർമ്മാണപ്രവർത്തനം രണ്ടാം തവണയും ഡാം സേഫ്റ്റി അതോറിറ്റി തടഞ്ഞു
അയ്യപ്പൻകോവിൽ തൂക്കുപാലത്ത് ശൗചാലയ കോപ്ലക്സിന്റെ നിർമ്മാണപ്രവർത്തനം രണ്ടാം തവണയും ഡാം സേഫ്റ്റി അതോറിറ്റി തടഞ്ഞു.
വഴിയിടം പദ്ധതി പ്രകാരം അയ്യപ്പൻകോവിൽ തൂക്കുപാലത്ത് ഒരാഴ്ച മുമ്പാണ് ശൗചാലയത്തിന്റ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപയും ശുചിത്വ മിഷൻ 15 ലക്ഷം രൂപയും ചേർത്ത് 30 ലക്ഷം രൂപ ചിലവിട്ടാണ് ശൗചാലയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഓരോ തടസവാദങ്ങൾ ഉന്നയിച്ച് ഡാം സേഫ്റ്റി അതോറിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയ ശേഷം ഉപ്പുതറ പോലീസിൽ പരാതി നൽകുകയായിരുന്നു … കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും ഇവിടെ ശൗചാലയത്തിന്റെ നിർമ്മാണം ആരംഭിക്കുകയും അണക്കെട്ട് സുരക്ഷാ വിഭാഗം, നിർമ്മാണം തടയുകയും ചെയ്തിരുന്നു ഈ കാരണത്താൽ പദ്ധതി അന്ന് ബ്ലോക്ക് പഞ്ചായത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ശൗചാലയം ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അടിസ്ഥാന സൗകര്യം കണക്കിലെടുത്ത് കളക്ടറെ സമീപിച്ച് എല്ലാ തടസങ്ങളും നീക്കിയാണ് പുതിയ നിർമ്മാണത്തിന് പഞ്ചായത്ത് അധികൃതർ നടപടി ആരംഭിച്ചത്.
കരാറുകാരൻ 4 ലക്ഷത്തോളം രൂപ ചിലവിട്ട ശേഷമാണ് സുരക്ഷാ വിഭാഗം തടസവാദവുമായി എത്തിയത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പ്രദേശത്താണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത് എന്ന വാദമാണ് ഡാം സേഫ്റ്റി അതോറിറ്റി മുന്നോട്ട് വയ്ക്കുന്നത് …!.എല്ലാ ഉത്തരവുകളും കൈവശം ഉണ്ടായിട്ടും അണക്കെട്ടിന്റെ ഭൂമി കയ്യേറി നിർമ്മാണം നടത്തിയവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് സുരക്ഷാ വിഭാഗം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 2018 ൽ ഉണ്ടായ പ്രളയത്തിൽ പോലും വെള്ളം കയറാത്ത ഭാഗത്താണ് ശൗചാലയം നിർമ്മിക്കുന്നതെന്ന യാഥാർത്ഥ്യം മറച്ച് വെച്ചാണ് ഡാം സേഫ്റ്റി തടസവാദം ഉന്നയിച്ചിരിക്കുന്നത് എന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നു.
എന്നാൽ നാടിന്റെ വികസനത്തിന് എതിര് നിൽക്കുന്ന നടപടിയാണ് ഡാം സേഫ്റ്റി വിഭാഗം സ്വീകരിക്കുന്നത് എന്നും, വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകണം എന്ന ആവശ്യവും ശക്തമാകുകയാണ്.