ലോക്ഡൗൺ ഇളവ്; തൊടുപുഴ ,കട്ടപ്പന നഗരത്തിലേക്ക് എത്തിയത് നൂറു കണക്കിന് യാത്രക്കാരും വാഹനങ്ങളും


ലോക് ഡൗണിൽ ചെറിയ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇന്നലെ നഗരത്തിലേക്ക് എത്തിയത് നൂറു കണക്കിന് യാത്രക്കാരും വാഹനങ്ങളും. ഇതോടെ നഗരത്തിൽ വൻ ഗതാഗത തിരക്കും കുരുക്കും. മൂന്ന് ആഴ്ചയിലേറെയായി ഉണ്ടായിരുന്ന കർശന ലോക് ഡൗൺ നിയന്ത്രണങ്ങൾ ഇളവ് വന്നതോടെ ഇന്നലെ വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ, സ്വർണക്കടകൾ, ചെരിപ്പ് കട, കാർഷിക അനുബന്ധ സാമഗ്രികൾ വിൽക്കുന്ന കടകൾ, വളം വിൽപന കടകൾ ഫ്രിജ് നന്നാക്കുന്ന കടകൾ തുടങ്ങിയവയ്ക്ക് നിശ്ചിത സമയത്ത് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നു.
ഇതോടെ നഗരത്തിലേക്ക് നൂറു കണക്കിനു ജനങ്ങളാണ് എത്തിയത്. മറ്റ് പൊതു യാത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്വന്തം വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ഇരു ചക്ര വാഹനങ്ങളിലും മറ്റുമാണ് ആളുകൾ എത്തിയത്. ഇതോടെ നഗരത്തിലെ പല പ്രധാന കേന്ദ്രങ്ങളിലും രാവിലെ തന്നെ ഗതാഗത തിരക്ക് ഉണ്ടായത്. കാഞ്ഞിരമറ്റം ബൈപാസിലും മാർക്കറ്റ് റോഡിലും ആയിരുന്നു തിരക്ക് ഏറെ. മറ്റ് പ്രധാന റോഡുകളിലും തിരക്ക് ഏറെ ആയിരുന്നു.
ബാങ്കുകൾ, സർക്കാർ ഓഫിസുകൾ എന്നിവയും, പലചരക്ക് കടകൾ, പച്ചക്കറി കടകൾ, ബേക്കറികൾ, പാഴ്സൽ മാത്രമായി ഹോട്ടലുകൾ, കാലിത്തീറ്റ വിൽപന കേന്ദ്രങ്ങൾ, മരുന്നു കടകൾ തുടങ്ങിയവ പ്രവർത്തിക്കാൻ നേരത്തെ അനുമതി ഉണ്ടായിരുന്നു. ഇതിനു പുറമേയാണ് ഇന്നലെ മറ്റ് സ്ഥാപനങ്ങളും കൂടുതലായി പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഇതോടെയാണ് ഗതാഗത തിരക്കും കുരുക്കും ഏറെ ഉണ്ടായത്.
ഇതിനിടെ മൂന്ന് ആഴ്ചയിലേറെയായി അടച്ചിട്ടിരുന്ന തുണിക്കടകളും, ചെരിപ്പു കടകളും മറ്റും തുറന്നത് ഒട്ടേറെ ജനങ്ങൾക്ക് ഏറെ അനുഗ്രഹമായി. മഴക്കാലം ആരംഭിച്ചതോടെ അത്യാവശ്യം തുണിത്തരങ്ങളും മറ്റും വാങ്ങാൻ കഴിയാതെ ഇരുന്നവരാണ് ഇന്നലെ കടകളിലേക്ക് കൂടുതലായി എത്തിയത്. ബാങ്കുകളുടെ പ്രവർത്തന സമയം 5 വരെ ആക്കിയെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ ഇന്നലെ മിക്ക ബാങ്കുകളിലും ഇടപാടുകാരുടെ നീണ്ട നിര കാണാമായിരുന്നു.