ഇടുക്കി ജില്ലയിൽ 263 പേർക്കു കൂടി കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21

ജില്ലയിൽ 263 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.21 ആണ്. 244 പേർക്ക് സമ്പർക്കത്തിലൂടെയാണു കോവിഡ് ബാധിച്ചത്. 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1308 പേർ കോവിഡ് മുക്തി നേടി.
ഇന്ന് കോവാക്സിൻ രണ്ടാം ഡോസ്നൽകുന്ന കേന്ദ്രങ്ങൾ:
തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാൾ, ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, പീരുമേട് എസ്എംഎസ് ക്ലബ്, നെടുങ്കണ്ടം താലൂക്ക് ആശുപത്രി. ഏപ്രിൽ 15, 16, 17 തീയതികളിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവാക്സിൻ ആദ്യ ഡോസ് എടുത്തവർക്ക് ഇന്ന് മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ എത്തി രണ്ടാമത്തെ ഡോസ് സ്വീകരിക്കാം. ആധാർ കാർഡും ആദ്യത്തെ ഡോസ് എടുത്ത സ്ലിപ്പും കൊണ്ടുവരണം. ആദ്യ ഡോസ് എടുത്ത് 42 ദിവസം കഴിഞ്ഞവർക്കു മാത്രമാണ് വാക്സീൻ നൽകുക.
മറ്റു കേന്ദ്രങ്ങളിലും ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞവർക്കാണു മുൻഗണന. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കോവിഡ് വാക്സിനേഷൻ കേന്ദ്രം ഇന്നു മുതൽ മൂവാറ്റുപുഴ റോഡിൽ മുണ്ടമറ്റം പമ്പിനു സമീപമുള്ള മർച്ചന്റ്സ് ട്രസ്റ്റ് ഹാളിലേക്കു മാറ്റുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. കൂടുതൽ സൗകര്യപ്രദമായി വാക്സീൻ സ്വീകരിക്കാൻ ഇതുമൂലം സാധിക്കും. കൂടാതെ പാറക്കടവ് അർബൻ പിഎച്ച്സിയിലും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.