ക്രമക്കേട്: ബെറ്റർ എജ്യൂക്കേഷൻ പദ്ധതി ജില്ലാ പഞ്ചായത്ത് മരവിപ്പിച്ചു


അടിമാലി : ജില്ലാ പഞ്ചായത്ത് മുൻ ഭരണസമിതി ജില്ലയിലെ പട്ടികജാതി-വർഗ വിദ്യാർഥികളുടെ ക്ഷേമത്തിനായി നടപ്പാക്കിയ പത്ത് കോടിയുടെ വിദ്യാഭ്യാസ പദ്ധതി ഭരണസമിതി മരവിപ്പിച്ചു. ക്രമക്കേടിന്റെ പേരിലാണ് പുതിയ ഭരണസമിതി പദ്ധതി മരവിപ്പിച്ചത്. ഇതുമൂലം ജില്ലയിലെ 200-ഓളം പിന്നാക്ക വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ. 2019-20 സാമ്പത്തികവർഷത്തിലാണ് ജില്ലാ പഞ്ചായത്ത് പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് ‘ബെറ്റർ എഡ്യുക്കേഷൻ’ പദ്ധതി ജില്ലയിൽ നടപ്പാക്കിയത്.
അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഒരു കുട്ടിക്ക് 70,000 രൂപ വരെ പദ്ധതിപ്രകാരം ചെലവഴിക്കാവുന്നതായിരുന്നു. ഇതുപ്രകാരം ജില്ലയിലെ രാജകുമാരി, നെടുങ്കണ്ടം, മേരികുളം, ചെറുതോണി എന്നിവിടങ്ങളിലെ നാല് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ പദ്ധതിയിൽ ഉൾപ്പെടുത്തി. ഒരോ സ്കൂളിലും 40 കുട്ടികൾക്ക് പ്രവേശനം നൽകി. ഹോസ്റ്റൽ ഫീസ്, ഭക്ഷണം തുടങ്ങിയ മുഴുവൻ ചെലവും ജില്ലാ പഞ്ചായത്ത് വഹിക്കുന്നതായിരുന്നു ഈ പദ്ധതി. ഇതുപ്രകാരം കുട്ടികൾക്ക് പ്രവേശനം നൽകി. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ അധ്യയനവർഷം ഓൺലൈനായിരുന്നു വിദ്യാഭ്യാസം. അതിനാൽ പദ്ധതിക്ക് അനുവദിച്ച തുകയുടെ പകുതി പോലും സ്കൂളുകൾക്ക് ചെലവഴിക്കേണ്ടിവന്നില്ല. എന്നാൽ ഇത് മറച്ചുവെച്ച് പദ്ധതിയിലെ ചില സ്കൂളുകൾ കുട്ടികളുടെ ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ഭീമമായ വ്യാജ ബില്ല് ജില്ലാ പഞ്ചായത്തിൽ ഹാജരാക്കി. പുതിയ ഭരണസമിതി ബില്ലുകൾ പരിശോധിച്ചപ്പോൾ ഇവയെല്ലാം വ്യാജമാണെന്നും പദ്ധതി തുടരേണ്ടതില്ലെന്നും തീരുമാനിച്ചു.
സംഭവത്തിൽ കുട്ടികളുടെ ഭാവി തകർക്കരുതെന്ന ആവശ്യവുമായി കെ.പി.എം.എസ്. പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വ്യാജ ബിൽ നൽകിയ സ്കൂളുകളെ പദ്ധതിയിൽനിന്ന് ഒഴിവാക്കി പുതിയ സ്കൂളുകളെ ഉൾപ്പെടുത്തി പദ്ധതി തുടരണമെന്ന് കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.രാജൻ പറഞ്ഞു.