കോവിഡ് പരിശോധനയ്ക്ക് ആളുകൾ കൂട്ടത്തോടെ

നെടുങ്കണ്ടം : നിരീക്ഷണത്തിലിരുന്നവർ കോവിഡ് പരിശോധന നടത്താനായി കൂട്ടത്തോടെ നെടുങ്കണ്ടം ടൗണിലിറങ്ങി. തിരക്കേറിയതോടെ പോലീസെത്തി പരിശോധനയ്ക്കെത്തിയവരെ സ്ഥലത്തുനിന്ന് മടക്കിഅയച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
നെടുങ്കണ്ടത്ത് സ്വകാര്യ ലാബിൽ കോവിഡ് പരിശോധന നടത്താൻ ഉടുമ്പൻചോലയിൽനിന്നാണ് ആളുകളെത്തിയത്. അതീവഗുരുതര വിഭാഗത്തിൽപ്പെട്ട അഞ്ഞൂറോളംപേരാണ് നെടുങ്കണ്ടം-താന്നിമൂട് റോഡിലുള്ള ലാബിന് മുൻപിൽ തടിച്ചുകൂടിയത്.
പോലീസെത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും ആൾക്കൂട്ടം കൂട്ടാക്കിയില്ല. കോവിഡ് വ്യാപനം അതിരൂക്ഷമായ ഉടുമ്പൻചോല പഞ്ചായത്തിലെ വിവിധ ക്ലസ്റ്ററുകളിൽനിന്നെത്തിയ ആളുകളാണ് പരിശോധന നടത്താൻ തടിച്ചുകൂടിയത്. മേട്ടകിൽ, പാറത്തോട്, സിങ്കുകണ്ടം തുടങ്ങിയ മേഖലകളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെത്തുടർന്ന് ഉടുമ്പൻചോല പഞ്ചായത്ത് പൂർണമായും കൺടെയ്‌ൻമെന്റ് സോണിൽ ആക്കിയിരുന്നു.
രാവിലെ പത്തുമണിയോടെയാണ് എഴുപതോളംവരുന്ന വാഹനങ്ങളിൽ ആളുകളെത്തിയത്. സമീപവാസികൾ പ്രശ്‌നമുണ്ടാക്കിയതോടെയാണ് പോലീസ് സ്ഥലത്തെത്തി ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ നടപടി സ്വീകരിച്ചത്. കോവിഡ് ബാധിതരായി നിരീക്ഷണത്തിൽ വീടുകളിൽ കഴിഞ്ഞവരുൾപ്പെടെയാണ് പരിശോധനയ്ക്ക് എത്തിയതെന്ന് പോലീസ് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെയാണ് നെടുങ്കണ്ടത്തേക്ക് ഇവർ കൂട്ടമായി എത്തിയതെന്ന് ഉടുമ്പൻചോല പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു.