‘പ്രതിലംഘിച്ചത് കുട്ടിയുടെ വിശ്വാസത്തെ, ശക്തമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ’; അഡ്വ. മോഹൻ രാജ്
ഹൃദയം വേദനിപ്പിച്ച കേസാണ് ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ്. കുട്ടിയുടെ വിശ്വാസത്തെയാണ് പ്രതിലംഘിച്ചത്. പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി അതിക്രൂരമായി ഉപദ്രവിച്ചു. വിചാരണ സമയത്ത് യാതൊരു കുറ്റബോധവും പ്രതിക്ക് ഇല്ലായിരുന്നു. പ്രതി എപ്പോഴും തല കുനിച്ചു മാത്രമാണ് നിന്നത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട തന്റെ വീഡിയോ പോലും പ്രതി നിഷേധിച്ചു. കേസിൽ ശക്തമായ വിധി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. മോഹൻ രാജ് പറഞ്ഞു.
ഇന്നാണ് കേരളത്തിന്റെ നോവായി മാറിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിന്റെ വിധിവരുന്നത്. കൊലപാതകവും, ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്.
ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ഒക്ടോബര്‍ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മിന്നല്‍ വേഗത്തില്‍ വിധി പറയുന്നത്.
ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയില കള്‍ക്കുള്ളില്‍ മൂടി. പ്രതിയെ പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു.
അതേസമയം ആലുവയിലെ സംഭവം അവസാനത്തേത് ആയിരുന്നില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് നോവിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിയ്ക്ക് മാതൃകാപരമായ ശിക്ഷയെന്ന ഒരൊറ്റ നീതിയെ മാത്രം പ്രതീക്ഷിച്ചിരിക്കുകയാണ് അഞ്ചുവയസുകാരിയുടെ അമ്മ.