ഇടുക്കി വികസന പാക്കേജ് : പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. 2022-23, 2023-24 വര്‍ഷങ്ങളിലായി 27.2 കോടി രൂപയുടെ 7 പദ്ധതികള്‍ക്ക് ഭരണാനുമതി ഉത്തരവ് നല്‍കുകയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ നിന്നും അനുമതി ലഭിച്ച 195.8751 കോടി രൂപയുടെ 7 പദ്ധതികള്‍ക്ക് രേഖകളുടെ സൂക്ഷ്മ പരിശോധന നടത്തി ഭരണാനുമതി ഉത്തരവ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് . 2024-25 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി 90.95 കോടി രൂപയുടെ 10 പദ്ധതികള്‍ അംഗീകാരത്തിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി ജില്ലയുടെ പ്രത്യേക സാമൂഹ്യ സാമ്പത്തിക സുസ്ഥിര വികസനം ലക്ഷ്യമാക്കി 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 2022-23 വര്‍ഷം മുതല്‍ പ്രതിവര്‍ഷം 75 കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തുന്നു . ജില്ലാതല കമ്മിറ്റി, മോണിറ്ററിങ് കമ്മിറ്റി എന്നിവയുടെ അംഗീകാരത്തോടെ പദ്ധതികള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ സമര്‍പ്പിക്കുകയും, 5 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ജില്ലാ കളക്ടറും, 5 കോടിക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്റ്റേറ്റ് ലെവല്‍ എംപവെര്‍ഡ് കമ്മിറ്റിയുടെ ശുപാര്‍ശയോടെയുമാണ് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പാണ് ഭരണാനുമതി ഉത്തരവ് നല്‍കുന്നത്. കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം, വികസനം കായിക വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്കുന്നു.