ഇന്ത്യയുടെ ഇടിപരീക്ഷ ഭാരത് എന്‍ക്യാപിന് ആദ്യമിറങ്ങുക ടാറ്റ; ഹാരിയറും സഫാരിയും റെഡി
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ആദ്യം എത്തുക ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങളെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിന് ഔദ്യോഗികമായി ആരംഭിച്ച പദ്ധതിയുടെ ആദ്യ ക്രാഷ് ടെസ്റ്റ് ഡിസംബര്‍ 15നാണ് ആരംഭിക്കുക. ക്രാഷ് ടെസ്റ്റില്‍ ആദ്യം ഇറങ്ങുന്നത് ടാറ്റ് അടുത്തിടെ പുറത്തിറക്കിയ ഹാരിയര്‍, സഫാരി മോഡലുകളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹാരിയര്‍, സഫാരി മോഡലുകള്‍ ഗ്ലോബല്‍ എന്‍ക്യാപ് ഇടിപരീക്ഷയില്‍ ഇതിനോടകം കരുത്ത് തെളിയിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ റേറ്റിങ് മോഡലുകള്‍ കൈവരിച്ചിട്ടുണ്ട്. ടാറ്റയ്ക്ക് പുറമേ ഇന്ത്യയിലെ മറ്റു മുന്‍നിര വാഹനങ്ങളും ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റിന് വാഹനങ്ങളെ അയക്കുമെന്നാണ് സൂചന. മരുതി സൂസുക്കിയം ഹ്യൂണ്ടായിയും ഭാരത് എന്‍ക്യാപിലേക്ക് മൂന്നു മോഡലുകള്‍ വീതം അയക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വിയായ മഹീന്ദ്ര നാല് മോഡലുകളും ഭാരത് എന്‍ക്യാപ് പരീക്ഷയില്‍ ഇറക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റെനോ, സ്‌കോഡ, സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഉടനെ ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ വാഹനങ്ങള്‍ എത്തിച്ചേക്കില്ലെന്നാണ് സൂചന. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയുടെ ഔദ്യോഗിക ക്രാഷ് ടെസ്റ്റായി ഭാരത് എന്‍ക്യാപ് പ്രഖ്യാപിക്കുന്നത്.
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്റേഡ് എ.ഐ.എസ് 197-നെ അടിസ്ഥാനമാക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. ഇലക്ട്രിക്, സി.എന്‍.ജി. വാഹനങ്ങളുടെ ക്രാഷ്ടെസ്റ്റും സാധ്യമാണ്. ഗ്ലോബല്‍ എന്‍-ക്യാപ് പ്രോട്ടോകോളുകള്‍ക്ക് സമാനമായിരിക്കും ഭാരത് എന്‍.സി.എ.പിയുടെ പ്രോട്ടോക്കോളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.