‘ഡെങ്കി ബാധിച്ച് നാല് കിലോ കുറഞ്ഞു’; താൻ പൂർണ ഫിറ്റല്ലെന്ന് ശുഭ്മൻ ഗിൽ
ഡെങ്കിപ്പനി ബാധിച്ചതിനു ശേഷം താൻ ഇതുവരെ പൂർണ ഫിറ്റ്നസിലെത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ. ഡെങ്കിപ്പനി ബാധിച്ച് തനിക്ക് നാല് കിലോ കുറഞ്ഞു എന്ന് ഗിൽ ഇന്നലെ ശ്രീലങ്കക്കെതിരായ മത്സരത്തിനു ശേഷം പറഞ്ഞു. ഡെങ്കി ബാധിച്ച ഗിൽ രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല.
ലോകകപ്പിനു മുൻപ് വരെ അസാമാന്യ ഫോമിലായിരുന്ന ഗില്ലിന് ടൂർണമെൻ്റിൽ ഫോമിലെത്താൻ സാധിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരായ 53 മാറ്റിനിർത്തിയാൽ ശ്രീലങ്കക്കെതിരായ മത്സരം വരെ ഗില്ലിന് വലിയ സ്കോറുകൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ, ശ്രീലങ്കക്കെതിരെ 92 റൺസ് നേടി ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായിരുന്നു.
ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യ കൂറ്റൻ ജയമാണ് സ്വന്തമാക്കി. 358 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ വെറും 55 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. തങ്ങളുടെ ആദ്യ പന്തുകളിൽ ഷമിയും സിറാജും ആദ്യ ഓവറിൽ ഷമിയും വിക്കറ്റ് വേട്ട ആരംഭിച്ചപ്പോൾ ശ്രീലങ്കയ്ക്ക് മറുപടിയുണ്ടായില്ല. ടൂർണമെൻ്റിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം തികച്ച ഷമിയ്ക്കൊപ്പം മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ബുംറ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടൂർണമെൻ്റിൽ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ആദ്യ നാല് കളികളിൽ പുറത്തിരുന്ന ഷമി ഹാർദിക് പാണ്ഡ്യക്ക് പരുക്കേറ്റതുകൊണ്ട് മാത്രമാണ് ന്യൂസീലൻഡിനെതിരായ മത്സരത്തിൽ തിരികെയെത്തിയത്. ആ കളി അഞ്ച് വിക്കറ്റ് നേടിയ ഷമി ഇംഗ്ലണ്ടിനെതിരായ അടുത്ത കളിയിൽ 4 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ലോകകപ്പുകളിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡും ഷമി സ്വന്തമാക്കി.
ജയത്തോടെ ഇന്ത്യ വീണ്ടും പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ഏഴ് മത്സരങ്ങളിൽ ഏഴും ജയിച്ചാണ് ഇന്ത്യയുടെ തേരോട്ടം. ഏഴിൽ ആറ് മത്സരങ്ങൾ ജയിച്ച ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ഇന്ത്യക്കെതിരായ അടുത്ത കളി വിജയിക്കാനായാൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പിക്കും.