അധ്യാപനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും;മാതൃകയായി സി.ലിൻസി തെരേസ
കുമളി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നടത്തി സമൂഹത്തിന് മാതൃകയായ പ്രധാന അധ്യാപിക പടിയിറങ്ങുന്നു. ചക്കുപള്ളം സെന്റ് ഡൊമിനിക്സ് യു.പി സ്‌കൂളിലെ പ്രധാന അധ്യാപികയായ സി.ലിൻസി തെരേസയാണ് നാടിന് മാതൃക കാട്ടി സേവനത്തിൽ നിന്ന് വിരമിക്കുന്നത്. ആയിര കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ സി.ലിൻസി 28 വർഷമായി സെന്റ് ഡൊമിനിക്സ് സ്കളിലാണ് സേവനം അനുഷ്ടിച്ചത് 22 വർഷം അധ്യാപിക എന്ന നിലയിലും ആറ് വർഷം ഹെഡ്മിസ്ട്രസ്സ് എന്ന നിലയിലും സവിശേഷമായ ശൈലികൊണ്ട് സ്കൂളിനെ ഉന്നമനത്തിലെത്തിച്ചു.വിജ്ഞാനത്തോടൊപ്പം കലാകായിക പ്രവൃത്തി പരിചയമേഖലകളിലും വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ ഈ അധ്യാപികയ്ക്ക് കഴിഞ്ഞു. പൂക്കളും പച്ചക്കറികളും നട്ടു വളർത്തി സ്കൂൾ അങ്കണം മനോഹരമാക്കി.
കാർഷികവൃത്തിക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു സി.ലിൻസി തെരേസ യുടെ പ്രവർത്തനം. അതിന്റെ ഫലമായി സെന്റ് . ഡോമിനിക് സ്‌കൂളിനെ തേടി നിരവധി അവാർഡുകളുമെത്തി. കട്ടപ്പന സബ് ജില്ലയിലെ മികച്ച ഹരിതവിദ്യാലയമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിർദ്ധനരായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും സഹായ ഹസ്തമായിരുന്നു സി.ലിൻസി തെരേസയെന്ന് സ്കൂൾ പി. ടി .എയും സാക്ഷ്യപ്പെടുത്തുന്നു.