ഉൾവനത്തിൽ അവശയായി പഞ്ചായത്തംഗം; ദുർഘടപാതയിലൂടെ ബൈക്കിൽ പുറത്തെത്തിച്ചു
കാന്തല്ലൂർ : ശ്വാസംമുട്ടലിനെ തുടർന്ന് അവശയായ പഞ്ചായത്തംഗത്തെ ഉൾവനത്തിലെ പാളപ്പെട്ടി ആദിവാസിക്കുടിയിൽനിന്ന് ബൈക്കിൽ പുറത്തെത്തിച്ചു. ബന്ധുവിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഇടപെടലിലാണ് കാന്തല്ലൂർ പഞ്ചായത്തംഗം രാജമ്മയെ വേഗം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചു.
പാളപ്പെട്ടികുടിയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രണ്ട് പേരൊഴിച്ച് മറ്റാരും പരിചരണകേന്ദ്രത്തിലേക്ക് പോകാൻ തയ്യാറായില്ല. ഇവരെ പറഞ്ഞ് മനസ്സിലാക്കാൻ മൂന്ന് ദിവസമായി ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, എത്ര നിർബന്ധിച്ചിട്ടും മറ്റ് രോഗബാധിതരാരും പോകാൻ തയ്യാറായില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് സംഘം വീണ്ടും എത്തിയപ്പോഴാണ് രാജമ്മയെ അവശനിലയിൽ കണ്ടത്. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ആശുപത്രിയിലേക്ക് കൊണ്ടുപോകണമെങ്കിൽ നാലരക്കിലോമീറ്ററോളം മലയിറങ്ങി വണ്ണാന്തുറയിലെത്തണം. ഇത്രയും ദൂരം ആംബുലൻസോ മറ്റ് വാഹനങ്ങളോ വരില്ല. കമ്പിളി കെട്ടിയ മഞ്ചലിൽ ഇറക്കാമെന്ന് കരുതിയെങ്കിലും ഏറെ താമസിക്കുമെന്ന് ആരോഗ്യസംഘം ഭയപ്പെട്ടു. അപ്പോഴാണ് ബന്ധുവായ സോമൻ (25) ബൈക്കിൽ രാജമ്മയെ താഴെയെത്തിക്കാമെന്ന് അറിയിച്ചത്. അതോടെ താഴെ ആംബുലൻസ് തയ്യാറാക്കിനിർത്തി. ഒരു മണിക്കൂർകൊണ്ടാണ് താഴെ എത്തിയത്.
ആംബുലൻസിൽ കയറാൻ രാജമ്മ വിമുഖത കാണിച്ചതിനാൽ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സോമനെ നിരീക്ഷണത്തിലാക്കി. കാന്തല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ, പഞ്ചായത്തംഗങ്ങളായ കാർത്യായനി, എസ്തർ, രാമലക്ഷ്മി, കോവിൽക്കടവ് ഒ.പി. ക്ലിനിക്കിലെ ഡോ. അശ്വിൻ, പ്രൊമോട്ടർ ആർ.രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പാളപ്പെട്ടികുടിയിൽ പ്രവർത്തനം നടത്തുന്നത്.