മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറിയ സംഭവം; വീഴ്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ, നടപടിയുണ്ടായേക്കും
കാസർകോട്: കാഞ്ഞങ്ങാട് മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറി കയറിയ സംഭവത്തിൽ വീഴ്ച സമ്മതിച്ച് സ്റ്റേഷൻ മാസ്റ്റർ. ഇത് സംബന്ധിച്ച് കാസർകോട് റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ റെയിൽവേക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സ്റ്റേഷൻ മാസ്റ്റർക്കും ലോക്കോ പൈലറ്റിനുമെതിരെ നടപടിക്ക് സാധ്യതയുണ്ട്.
ഇന്നലെ വൈകിട്ട് 6.35 ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിൻ ആണ് ട്രാക്ക് മാറികയറിയത്. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാതിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി. സിഗ്നൽ നൽകിയതിലെ പിഴവാണ് ട്രെയിൻ ട്രാക്ക് മാറി കയറാൻ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിൻ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് മാറി കയറുകയായിരുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം. പാളത്തിന്റെ ഇന്റർലോക്കിംഗ് സംവിധാനത്തിൽ പാളിച്ച പറ്റിയിട്ടില്ല എന്നും റെയിൽവേ വിശദീകരിച്ചു.