മക്കുവള്ളിയിൽ മൊബൈല്‍ ടവര്‍ സ്ഥാപിക്കണം; വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കണമെന്ന് എസ്.എന്‍.ഡി.പി വനിതാസംഘം
കട്ടപ്പന: കഞ്ഞിക്കുഴി പഞ്ചായത്തിലെ 15-ാം വാര്‍ഡായ മക്കുവള്ളിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി. യോഗം വനിതാ സംഘം കേന്ദ്ര സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ അഡ്വ.സംഗീത വിശ്വനാഥന്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി. വികസനം എത്തി നോക്കിയിട്ടില്ലാത്ത മൈലപ്പള്ളി, മക്കുവള്ളി, മനയത്തടം, കൈതപ്പാറ എന്നീ ഗ്രാമ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുകഴിയുകയാണ്. 300-ല്‍പ്പരം വിദ്യാര്‍ത്ഥികളാണ് ഈ മേഖലകളിലുള്ളത്. ബി.എസ്.എന്‍.എലിന് മാത്രമേ ഭാഗികമായി റേഞ്ച് ഉള്ളൂ. എന്നാല്‍ മഴക്കാലത്ത് നെറ്റ്‌വര്‍ക്ക് പൂര്‍ണമായി നഷ്ടമാകും. ഇതോടെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന സ്ഥിതിയാണ്. സഞ്ചാരയോഗ്യമല്ലാത്ത റോഡ് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ഇവിടം ഉപേക്ഷിച്ചുപോയിട്ടുണ്ട്. 2018-ലാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമജ്യോതി യോജന പദ്ധതിപ്രകാരം ഇവിടങ്ങളില്‍ വൈദ്യുതിയെത്തിയത്. കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചും ട്രിപ്പ് ജീപ്പുകളെ ആശ്രയിച്ചുമാണ് ആളുകള്‍ കഞ്ഞിക്കുഴിയിലോ ഉടുമ്പന്നൂരിലോ എത്തുന്നത്. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ അടിയന്തരമായി മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സാദ്ധ്യമാക്കണമെന്ന് സംഗീത വിശ്വനാഥന്‍ ആവശ്യപ്പെട്ടു. സ്വകാര്യ മൊബൈല്‍ കമ്പനികളെ വിവരം ധരിപ്പിച്ച് ടവര്‍ സ്ഥാപിക്കാന്‍ ഉടന്‍ ഇടപെടല്‍ നടത്തുമെന്ന് കളക്ടര്‍ എച്ച്. ദിനേശന്‍ ഉറപ്പുനല്‍കി. മക്കുവള്ളി പഞ്ചായത്ത് അംഗം സ്മിത ദീപു, എന്‍.ഡി.എ. നേതാക്കളായ രതീഷ് വരകുമല, മനേഷ് കുടിക്കയത്ത്, കെ.പി. ബിനീഷ്, പാര്‍ത്ഥേശന്‍ ശശികുമാര്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.