മണ്ണിടിച്ചില്‍ ഭീഷണിയില്‍ തവളപ്പാറ;
കട്ടപ്പന: എല്ലാ വര്‍ഷകാലത്തും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശമാണ് കട്ടപ്പന നഗരസഭയിലെ തവളപ്പാറ. ഇക്കൊല്ലവും ഇതേ ആശങ്കയിലാണ് മേഖലയിലെ 34 കുടുംബങ്ങള്‍. വാസയോഗ്യമല്ലാത്ത സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് തവളപ്പാറ മേഖല. കഴിഞ്ഞ മഹാപ്രളയത്തിലും 2019-ലും ഇവിടെ ഉരുള്‍പ്പൊട്ടലുകളുണ്ടായി. ജീവഹാനിയുണ്ടായില്ലെങ്കിലും ഒരു വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. അടക്കം ചെയ്ത മൃതദേഹം മണ്ണിനും കല്ലിനുമൊപ്പം ഒഴുകിപ്പോയതും തവളപ്പാറയിലാണ്. മഴ പെയ്ത് തുടങ്ങിയാല്‍ 34 കുടുംബങ്ങള്‍ക്കാണ് ഉറക്കം നഷ്ടമാകുന്നത്. കനത്ത മഴ പെയ്താല്‍ ഏറ്റവും അപകടകരമായ സാഹചര്യത്തിലുള്ള പതിനാല് കുടുംബങ്ങളെ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിക്കാറാണ് പതിവ്. ഇക്കൊല്ലം ഇത് എത്രത്തോളം പ്രായോഗികമാക്കാന്‍ കഴിയുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നിശ്ചയമില്ല. കോവിഡ് കാലത്ത് ക്യാമ്പുകളിലേയ്ക്ക് മാറേണ്ടി വന്നാലുണ്ടാകുന്ന ആശങ്കയും ഇവര്‍ക്കുണ്ട്. അതേസമയം മണ്ണിടിച്ചില്‍ തടയുവാന്‍ മുളങ്കാടുകള്‍ വച്ച് പിടിപ്പിക്കാമെന്ന ആശയം നടപ്പിലാക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഭൗമശാസ്ത്ര വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കൂറ്റന്‍ പാറക്കൂട്ടങ്ങളുടെ സ്ഥാന ചലനവും മണ്ണിലെ വിള്ളലുകളും കണ്ടെത്തുകയും ചെയ്തു. അക്കാലത്ത് സ്ഥലം സന്ദര്‍ശിച്ച ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനാണ് മുളങ്കാടുകള്‍ വച്ച് പിടിപ്പിക്കുകയെന്ന ആശയം മുന്നോട്ട് വച്ചത്. ഇത് ഫലപ്രദമാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെട്ടതോടെ അയ്യായിരം തൈകള്‍ പരിസ്ഥിതി ദിനത്തില്‍ നട്ട് പിടിപ്പിക്കുവാനാണ് ഇപ്പോഴത്തെ നീക്കം. പദ്ധതി വിജയിച്ചാല്‍ ഒരു പരിധിവരെ മണ്ണിടിച്ചിലിനെ തടയാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് പെട്ടെന്നുള്ള പരിഹാരമാകില്ല. ശക്തമായ മഴയുണ്ടായാല്‍ ഇക്കൊല്ലവും ക്യാമ്പുകളിലേയ്ക്ക് മാറുക മാത്രമാണ് നിലവിലെ ഏക മാര്‍ഗം.