കേരളീയം സ്വത്വബോധത്തിന്റെ ആഘോഷം: പ്രൊഫ. കെ. സച്ചിദാനന്ദന്‍
കേരളത്തിന്റെ സമസ്ത നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം
കേരളീയരുടെ സ്വത്വബോധത്തിന്റെ വിശാലവും അഗാധവുമായ ആഘോഷമായി മാറട്ടെയെന്ന ആശംസയുമായി കവിയും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ പ്രൊഫ. കെ. സച്ചിദാനന്ദന്‍.
നവോത്ഥാനത്തിലൂടെ അധിനിവേശ വിരുദ്ധവും ചൂഷണ വിരുദ്ധവുമായ നിരവധി സമരങ്ങളുടെയും സമത്വോന്മുഖമായ സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ഉറച്ച അടിത്തറയില്‍ പണിതുയര്‍ത്തിയ സംസ്‌കാരമാണ് കേരളത്തിന്റേത്. മതസൗഹാര്‍ദവും മതേതരമായ സ്വത്വ സങ്കല്‍പ്പവുമാണ് ആ സംസ്‌കാരത്തിന്റെ വൈശിഷ്ട്യം. വ്യത്യസ്ത ജനവിഭാഗങ്ങളുമായി പണ്ടുതൊട്ടേയുള്ള സമ്പര്‍ക്കം നമുക്ക് സാര്‍വദേശീയമായ വീക്ഷണവും മനുഷ്യസങ്കല്‍പ്പവും നല്‍കി. നമ്മുടെ ഭാഷയിലും എഴുത്തിലും വായനയിലുമെല്ലാം ഈ സാര്‍വദേശീയ സങ്കല്‍പ്പം പ്രതിഫലിക്കുന്നുണ്ട്.
ജാതി, വംശ, ലിംഗ വിവേചനങ്ങള്‍ക്കും അനീതിയുടെയും അസമത്വത്തിന്റെയും എല്ലാ രൂപങ്ങള്‍ക്കും എതിരായ നിലപാടിന്റെ പ്രതിരൂപമാണ് ഓണത്തിന്റെ നായകനായ മഹാബലി എന്ന് പറയാം. വായനശാലകള്‍, കലാസമിതികള്‍, സാഹിത്യസംഘങ്ങള്‍, സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങള്‍, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍, കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും ഇതര ലിംഗ വിഭാഗങ്ങളുടെയും പ്രസ്ഥാനങ്ങള്‍ ഇവയെല്ലാം തന്നെ നമ്മെ പുരോഗനോന്മുഖമായ ജനതയായി മാറ്റാന്‍ ശ്രമിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഏത് പ്രതികൂല സാഹചര്യത്തോടും പൊരുതി മുന്നേറാനുള്ള നിലപാടും ധൈര്യവും ഈ പ്രസ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ജനാധിപത്യം തന്നെ വെല്ലുവിളിക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കാനും സ്വയം ഒരു വിജ്ഞാന സമൂഹമായി പരിണമിക്കാനും നമ്മുടെ കലാസാഹിത്യ മഹിമകളും പാരമ്പര്യത്തിന്റെ മേന്മകളും ഉയര്‍ത്തിപ്പിടിക്കാനുമുള്ള സന്ദര്‍ഭം കൂടിയാകട്ടെ കേരളീയം.