ടി-20 ലോകകപ്പ് ആതിഥ്യം ഗുണം ചെയ്തില്ല; കഴിഞ്ഞ വർഷം സാമ്പത്തികമായി നഷ്ടമായിരുന്നു എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ
കഴിഞ്ഞ വർഷം സാമ്പത്തികമായി നഷ്ടമായിരുന്നു എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. 2022- 23 സാമ്പത്തിക വർഷത്തിൽ ബോർഡിന് 16.9 മില്ല്യൺ ഡോളറിൻ്റെ നഷ്ടമുണ്ടായെന്നാണ് ബോർഡ് അറിയിച്ചത്. ഇക്കാലയളവിൽ 2022 ടി-20 ലോകകപ്പിന് ആതിഥ്യം വഹിച്ചതിലൂടെ 42.5 മില്ല്യൺ ഡോളർ നേടിയെങ്കിലും ലാഭമുണ്ടായില്ലെന്നാണ് ബോർഡിൻ്റെ വിശദീകരണം.
കാണികളുടെ എണ്ണത്തിൽ റെക്കോർഡുകൾ പിറന്ന എഡിഷനായിരുന്നു കഴിഞ്ഞ വർഷത്തെ ലോകകപ്പ്. ഇന്ത്യയും പാകിസ്താനും തമ്മിൽ എംസിജിയിൽ നടന്ന മത്സരം കാണാൻ 92,000 പേരാണ് എത്തിയത്. ബിഗ് ബാഷ് ലീഗ് ഫൈനൽ നടന്ന പെർത്ത് സ്റ്റേഡിയം സോൾഡ് ഔട്ടായിരുന്നു. എന്നാൽ, ആഷസിന് ആതിഥ്യം വഹിക്കാതിരുന്ന വർഷമായിരുന്നതിനാൽ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് സാരമായ നഷ്ടം സംഭവിക്കുകയായിരുന്നു.
സ്റ്റേഡിയത്തിൽ ആള് നിറയുന്നതിനൊപ്പം ടെലിവിഷൻ പ്രേക്ഷകരിലും കാര്യമായ വർധനയുണ്ടായി. ഇക്കാലയളവിലാണ് വനിതാ ടീം ടി-20 ലോകകപ്പിലും കോമൺവെൽത്ത് ഗെയിംസിലും കപ്പടിച്ചത്. അതുകൊണ്ട് തന്നെ താരങ്ങളുടെ വ്യക്തിഗത വരുമാനം വർധിച്ചു.