വാഗമൺ ടൗൺ വികസനം അകലെ;വീർപ്പുമുട്ടി ജനം
വാഗമൺ: നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന വാഗമൺ ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. വിനോദസഞ്ചാരികളുടെ അടക്കം വാഹനങ്ങൾ പാർക്ക് ചെയ്യാൻ വാഗമണ്ണിൽ ഇടമില്ല. വിനോദസഞ്ചാരികളും വ്യാപാരികളും തമ്മിൽ പലപ്പോഴും കയ്യാങ്കളിയും ഉണ്ടാകാറുണ്ട്. വാഗമൺ ടൗൺ വികസനം എന്നത് വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ്.വിജയദശമി അവധി പ്രമാണിച്ച് (22,23,24) തിയതികളിൽ വാഗമണ്ണിൽ ആയിരകണക്കിന് വാഹനങ്ങൾ ഓരോനാളിലും എത്തി. ടൗണിൽ നിന്നും നല്ലതണ്ണി വരെ വരുന്ന ഏഴുകിലോമീറ്റർ ദൂരത്തിൽ മണിക്കൂർ നേരം തിരക്കുമൂലം ജനജീവിതം ദുസഹകമായി മാറി.കാൽനടക്കാരും ആശുപത്രിയിലേക്ക് പോകുന്നവരും ദൂരെപോകേണ്ടവരും മണിക്കൂറുകളോളം തിരക്കിനുള്ളിൽ അകപ്പെട്ടപ്പോൾ, സഞ്ചാരികളും വാഹനങ്ങൾക്കുള്ളിലും കുടുങ്ങിപ്പോയി. വാഗമൺ പോലീസും, ടൂറിസം ജീവനക്കാരും തിരക്ക് നിയന്ത്രിക്കുവാൻ തെരുവിൽ ഇറങ്ങി മൂന്ന് നാൾ കൊണ്ട് ഒരു പരുവത്തിലായി. ഈ കൊല്ലത്തെ വൻതിരക്കിന് കാരണം വാഗമൺ അഡ്വഞ്ചർപാർക്കിലെ ഗ്ലാസ്ബ്രിഡ്ജ് തന്നെ. ഓരോ നാളിലും ആറ് മണിക്ക് പാസ് നിർത്തുമ്പോൾ പിന്നെയും വലിയ ജനക്കൂട്ടം തന്നെ ഗ്ലാസ് ബ്രിഡ്ജിൽ കയറുവാൻ കാത്തു നിൽക്കുന്ന സാഹചര്യം സംജാതമായി. ഹോട്ടലുകളിൽ ഭക്ഷണത്തിന് മണിക്കൂർ നേരം കാത്തു നിൽക്കണം. റിസ്സോർട്ടുകൾ, ഹോസ്റ്റേ എന്നിവിടങ്ങളിൽ ഒരു മുറി പോലും ലഭിക്കാതെ,ചില സംഘങ്ങൾ വന്ന വാഹനത്തിൽ തന്നെ അന്തിയുറങ്ങുന്ന സ്ഥിതിയുണ്ടായി. വാഗമണ്ണിൽ ഈ വർഷത്തെ ഏറ്റവും തിരക്ക് അനുഭവപ്പെട്ട ദിവസങ്ങൾക്കൂടിയാണ് വിജയദശമിനാൾ.വാഗമൺ- ഏലപ്പാറ റോഡിൽ ബോണാമി, നല്ലതണ്ണി മുതൽ വാഗമൺ സൊസൈറ്റികവല വരെ വരുന്ന ഏഴു കിലോമീറ്റർ ദൂരം റോഡ് വീതി കുറവും മൊട്ടക്കുന്നിലും, വെടിക്കുഴിയിലും പാർക്കിങ്ങ് സൗകര്യം വർദ്ധിപ്പിക്കാത്തതും,വെ ടിക്കുഴിയിൽ യൂണിവേഴ്സിറ്റിയുടെ പാർക്കിങ്ങ് ഗ്രൗണ്ട് ഉണ്ടെങ്കിലും ചെറിയ മഴ പെയ്താൽ കണ്ടം ആയതിനാൽ കൂടുതൽ വാഹനം ഇറക്കുവാൻ പറ്റാത്ത സാഹചര്യമാണ്, ഇവിടെ പുന:നിർമ്മാണം അനിവാര്യമാണ്.അവധി നാൾ എന്ന് കേൾക്കുമ്പോൾ ആശുപത്രിയടക്കം പോകേണ്ട രോഗികൾ ,മറ്റ് അടിയന്തിര ആവശ്യത്തിന് പോകേണ്ടവർ കലേക്കുട്ടി പോയി വരുന്നു. ഈ നാളുകളിൽ ആവശ്യസാധനം വാങ്ങുന്ന പ്രാദേശികർ, മുൻകൂട്ടി അത് വാങ്ങുന്നത് കാരണം, ടൗണിൽ ഇറങ്ങി ഒരടി നീങ്ങണമെങ്കിൽ ഏറെ നേരം എടുക്കണം.രാവിലെ തുടങ്ങുന്ന തിരക്ക് രാത്രി പത്ത് മണി വരെ നീണ്ട് നിൽക്കുന്നു.അടിയന്തിരമായി റോഡ് വീതി കൂട്ടിയും ടൗണിൽ വീതി കൂട്ടേണ്ട ഇടത്ത് കൂട്ടിയും ആവശ്യമായ പാർക്കിങ് സൗകര്യം ഒരുക്കിയും പരിഹാരം കാണണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യം ഉന്നയിക്കുന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അധികാരികൾക്ക് വിവിധ സംഘടനകൾ പരാതികളും നൽകിയിട്ടുണ്ട്.