തുലാവർഷം ശക്തി പ്രാപിച്ചിരിക്കുകയാണല്ലോ.
എല്ലാദിവസവും പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷം കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുന്നുമുണ്ട് . ഇടിമിന്നൽ മൂലം അപകടങ്ങളും ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി നൽകുന്ന മുൻകരുതലുകൾ പാലിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ.
വിനോദസഞ്ചാര കേന്ദ്രമായ ജില്ലയിൽ ജില്ലയ്ക്കകത്തും, മറ്റു ജില്ലകളിൽ നിന്നും, സംസ്ഥാനത്തിന് പുറത്തുനിന്നും ധാരാളം വിനോദസഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുന്നു.
വാഹനങ്ങൾ ഓടിക്കുന്ന എല്ലാവരോടും- മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കുന്ന നിങ്ങളുടെ കണ്ണുകൾ അനേകം വളവുകളും തിരിവുകളും ഉള്ള റോഡുകളിൽ നിന്നും ശ്രദ്ധ മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അമിത വേഗത പാടില്ല. ഇരുചക്ര വാഹനത്തിൽ പോകുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിച്ച് വേഗതകുറച്ച് പോകുവാൻ ശ്രദ്ധിക്കണം. രാത്രി യാത്ര കഴിവതും ഒഴിവാക്കുക.
ജില്ലയിലെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളെല്ലാം വളരെ മനോഹരമാണ്. എന്നാൽ വളരെ ഉയരത്തിൽ, മലമുകളിൽ നിന്നും വരുന്ന ഇത്തരം വെള്ളച്ചാട്ടങ്ങൾ പലപ്പോഴും അപകടകാരികളുമാണ്. മനോഹരമായ ഈ ദൃശ്യം ആസ്വദിക്കുമ്പോൾ അപകട
മുന്നറിയിപ്പുകൾ പാലിക്കാൻ ശ്രദ്ധിക്കുക. അനുഭവസമ്പന്നരായ നാട്ടുകാരുടെ വാക്കുകൾക്ക് ചെവിയോർക്കുക. മലമുകളിൽ ശക്തമായ മഴയുണ്ടെങ്കിൽ താഴെ ഭാഗത്ത് പുഴകളിലെ നീരൊഴുക്ക് ശക്തമാകും.
അല്പം ശ്രദ്ധിച്ചാൽ അപകടങ്ങളെല്ലാം ഒഴിവാക്കി ആത്മനിർവൃതിയോടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷിക്കുക.
കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ കരുതലിനു അല്പസമയത്തെ ശ്രദ്ധ ആശ്വാസമായിരിക്കും.
ഈ മഴക്കാലത്ത് മാതാപിതാക്കളും രക്ഷകർത്താക്കളും കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിക്കുക. വീടിനു സമീപത്തും പറമ്പുകളിലും ഉള്ള വെള്ളക്കെട്ടുകളും, വെള്ളം നിറഞ്ഞ പാത്രങ്ങളും അപകടകാരികൾ ആവാം.
മഴക്കാല രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നുമുള്ള മുൻ കരുതലുകളും എല്ലാവരും സ്വീകരിക്കുക. കൊതുകുകൾ മുട്ടയിട്ടു വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ശരിയായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക.
സ്നേഹപൂർവ്വം,
ജില്ലാ കളക്ടർ, ഇടുക്കി.