Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സാഡാക്കോയുടെ വെളളകൊക്കുകൾ പറക്കുകയാണ്, യുദ്ധം ജീവനെടുത്ത കുഞ്ഞുങ്ങള്‍ക്കു മുകളിലൂടെ…



അണുബോംബുകൾ മാനവരാശിയെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുന്ന വിഷമാണെന്ന് ലോകം തിരിച്ചറിഞ്ഞത് ഹിരോഷിമയിലൂടെയും നാ​ഗസാക്കിയിലൂടെയുമാണ്. അണുബോംബ് തുടച്ചുനീക്കിയ ഈ രണ്ടു ജപ്പാൻ ന​ഗരങ്ങളെയും ഓർക്കാതെ ഓ​ഗസ്റ്റ് മാസം കടന്നുപോകാറില്ല.

ഹിരോഷിമയെ ചാരമാക്കിയ യുഎസിന്റെ ലിറ്റിൽ ബോയ് ഒരു പക്ഷേ തോറ്റുപോയത് സഡാക്കോ സസാക്കി എന്ന 12 വയസ്സുകാരിക്ക് മുൻപിൽ മാത്രമായിരിക്കാം. ഇന്ന് സഡാക്കോ സസാക്കിയുടെ ഓർമ്മ ദിവസമാണ്. വെന്തുരുകിയ പതിനായിരങ്ങൾക്കിടയിൽ നിന്ന് അവൾ പറത്തിയ ആയിരം ഒറി​ഗാമി കൊക്കുകൾ ഇന്നും യുദ്ധ വെറി മാറാത്ത ലോ​കത്തെ ഒർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇനിയൊരു യുദ്ധം വേണ്ടാ എന്ന്.

1945 ഓ​ഗസ്റ്റ് ആറിന് ഹിരോഷിമയെ ലക്ഷ്യംവെച്ചുകൊണ്ട് അമേരിക്കയുടെ ‘എനോള ​ഗെ’ എന്ന പേരുളള ബി 29 വിമാനം പസഫിക് സമുദ്രത്തിലെ ടിനിയൻ ദ്വീപിൽ നിന്ന് പറന്നുയർന്നു. 20,000 ടൺ ടിഎൻടി സ്ഫോടക ശേഷിയുളള യുറേനിയം ബോംബ് ഹിരോഷിമയുടെ ശിരസ്സിനുമേൽ 1870 അടി ഉയരത്തിൽ വെച്ച് പൊട്ടിത്തെറിച്ചു. ഒരു നിമിഷം കൊണ്ട് ഒന്നര ലക്ഷത്തോളം വരുന്ന മനുഷ്യരെ ലിറ്റിൽ ബോയ് ചുട്ടുചാമ്പലാക്കുകയുണ്ടായി. സ്ഫോടനത്തിൽ ഏകദേശം 66,000 ആളുകൾ തൽക്ഷണം കൊല്ലപ്പെടുകയും 69,000 ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിന്നീടുള്ള കണക്കുകൾ പ്രകാരം അന്തിമ മരണസംഖ്യ 140,000 ആയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി തോൽവി സമ്മതിച്ച് കീഴടങ്ങിയിട്ടും ജപ്പാൻ അനുസരിക്കാതെ മുന്നോട്ടുപോയതായിരുന്നു ലോകത്തെ നടുക്കിയ ആണവപ്രയോ​ഗത്തിലേക്ക് അമേരിക്കയെ നയിച്ചത്. ജപ്പാനെ അടിയറവ് പറയിക്കാൻ അമേരിക്ക പ്രയോ​ഗിച്ച ആണവബോംബുകൾ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരെയാണ് ഹിരോഷിമയിലും നാ​ഗസാക്കിയിലുമായി കൊലപ്പെടുത്തിയത്. ചാരം മൂടിയ ഹിരോഷിമ അമേരിക്കയുടെ കരളലിയിപ്പിച്ചില്ല എന്നതാണ് മൂന്നാം ദിവസം ഓ​ഗസ്റ്റ് 9 ന് നാ​ഗസാക്കിയിലും അണുബോംബ് വർഷിച്ചതിൽ നിന്ന് ലോകം മനസിലാക്കിയത്. ഇതോടെ ഓ​ഗസ്റ്റ് 14ന് ജപ്പാന് അമേരിക്കയോട് വഴങ്ങേണ്ടി വന്നു.


ഹിറ്റ്ലറുടെ കീഴിൽ ജർമ്മനി അണുബോംബുകൾ നിർമ്മിച്ചിട്ടുണ്ടായിരിക്കാം എന്ന ശാസ്ത്രജ്ഞരുടെ ആശങ്കയായിരുന്നു ലിറ്റിൽ ബോയിയുടേയും ഫാറ്റ്മാന്റേയും പിറവിക്ക് കാരണമായ ​ഗവേഷണത്തിലേക്ക് നയിച്ചത്. ആണവ​ഗവേഷണത്തിന് യുഎസ് സർക്കാരിനെ പ്രേരിപ്പിക്കാനായി ശാസ്ത്രജ്ഞർ കത്തെഴുതുകയും ചെയ്തു. കത്തിൽ ഒപ്പുവെച്ചവരിൽ ആൽബർട്ട് ഐൻസ്റ്റീനുമുണ്ടായിരുന്നു. ജർമ്മനിയുടെ പക്കൽ അണുബോംബില്ലെന്ന് അറിഞ്ഞിട്ടും പിന്നീട് യുഎസ് മാൻഹാറ്റൻ പ്രൊജക്ടുമായി മുന്നോട്ട് പോയി. 1942 ഓടെ ആണവായുധം അസാധ്യമല്ലെന്ന് അവർക്ക് മനസ്സിലായി.

അണുവിഘടനം ന്യൂട്രോണുകളെ ഉൽപാദിപ്പിക്കുമെന്നും അതു ശൃംഖലാ പ്രവർത്തനമാകാൻ സാധ്യതയുണ്ടെന്നും ആദ്യമായി അനുമാനിച്ചത് ലിയോ സിലാർഡ് എന്ന ശസ്ത്രജ്ഞനായിരുന്നു. തുടക്കത്തിൽ അമേരിക്കയ്ക്കൊപ്പം നിന്ന സിലാർഡ് പിന്നീട് അണുവായുധ നിർമ്മാണത്തിൽ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജിതനായി. അണുബോംബിന്റെ ആഘാതശേഷി ജപ്പാനെ ബോധ്യപ്പെടുത്തിയിട്ടും അവർ കൂസുന്നില്ലെങ്കിൽ മാത്രമേ അതു പ്രയോഗിക്കാവൂ എന്ന ജയിംസ് ഫ്രാങ്ക് സമിതിയുടെ റിപ്പോർട്ടിനെ എൻറികോ ഫെർമി, ഓപ്പൺ ഹൈമറുമടക്കമുളള ശസ്ത്രജ്ഞർ തളളിയതോടെയാണ് ഹിരോഷിമയിലും നാ​ഗസാക്കിയിലും വിനാശം വിതച്ച ആണാവായുധ ആക്രമണമുണ്ടായത്.

‘ഞങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ ഹിരോഷിമ പട്ടണമാകെ വലിയ പുകയിൽ മൂടിയിരുന്നു. തിളച്ചു പൊങ്ങുകയായിരുന്നു. നിമിഷങ്ങൾ കൊണ്ട് അവിടെ പുക ഉയർന്നുകൊണ്ടേയിരുന്നു. വിചാരിക്കാത്ത അത്രയും ഉയരത്തിൽ പുകച്ചുരുൾ എത്തി. ഒരു നിമിഷത്തേക്ക്​ ആരും ഒന്നും മിണ്ടിയില്ല. തുടർന്ന്​ എല്ലാവരും സംസാരിക്കാൻ തുടങ്ങി. ​കോ-പൈലറ്റ്​ എന്റെ തോളിൽ തട്ടി താഴേക്ക്​ നോക്കി നിലവിളിക്കുന്നുണ്ടായിരുന്നു,’ എനോള ​ഗെ വിമാനം പറത്തിയ പൈലറ്റ് പോൾ ടിബറ്റിന്റെ ഈ വാ​ക്കുകൾ തന്നെ അണുബോംബിന്റെ ആഘാതം എന്താണെന്ന് അറിയിക്കുന്നതായിരുന്നു.

ബോംബ് വീണ സ്ഥലത്ത് നിന്ന് 1.6 കിലോമീറ്റർ അകലെയായിരുന്നു സഡാക്കോയുടെ വീട്. ഈ സമയം വീടിനുളളിൽ കിടക്കുകയായിരുന്ന രണ്ടു വയസുകാരിയായ സഡാക്കോ സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനലിനുളളിലൂടെ പുറത്തേക്ക് തെറിച്ചുവീണു. തെറിച്ചുവീണ സഡാക്കോയെ വാരിയെടുത്ത് അവളുടെ അമ്മ ജീവനുംകൊണ്ട് കൊണ്ട് ഓടി. അവളെ രക്ഷിച്ച്‌ തിരിച്ചോടവെ അവളും അമ്മയും അണുപ്രവാഹത്തിൽ പെട്ടിരുന്നു.

അന്ന് കാര്യമായ പരിക്കുകളൊന്നും സഡാക്കോയ്ക്ക് പറ്റിയിരുന്നില്ലെങ്കിലും പിന്നീട് അണുവികിരണമേറ്റതിന്റെ ലക്ഷണങ്ങൾ അവളിൽ പ്രകടമാകാൻ തുടങ്ങി. വൈകാതെ സഡാക്കോയും ‘ഹിബാകുഷ’ എന്നറിയപ്പെടുന്ന അണുബോംബിന്റെ ഇരയായി. കഴുത്തിനുളളിൽ വീക്കം വരുന്ന ലിംഫ് ഗ്രന്ഥി ലുക്കീമിയ എന്ന മാരകമായ രോ​ഗം സഡാക്കോയെ ബാധിച്ചു. അണുബോംബിനെ അതിജീവിച്ചവർ “അണുബോംബ് രോഗം” എന്ന് വിളിക്കുന്ന ഒരു അസുഖമായിരുന്നു അത്. തുടർന്നുണ്ടായ രക്താർബുദം സഡാക്കോയെ തളർത്തുകയുണ്ടായി.

രോ​ഗം മൂർച്ഛിച്ചതോടെ ഹിരോഷിമയിലെ റെഡ് ക്രോസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സഡാക്കോ തന്റെ വേദന കുറയ്ക്കാനും രോ​ഗമുക്തി നേടുന്നതിനും വേണ്ടി കയ്യിൽ കിട്ടിയ പേപ്പറുകൾ ഉപയോ​ഗിച്ച് കൊക്കുകളെ നിർമ്മിക്കാൻ തുടങ്ങി. ജാപ്പനീസ് ഐതിഹ്യമനുസരിച്ച് ആരെങ്കിലും 1,000 പേപ്പർ കൊക്കുകൾ മടക്കി ഉണ്ടാക്കി പറത്തിയാല്‍ അവർക്ക് ഒരു ആഗ്രഹം സാധിക്കുമെന്നാണ്. ആയിരം പേപ്പർ ക്രെയിനുകൾ മടക്കിയാൽ സുഖം പ്രാപിക്കുമെന്ന് സഡാക്കോയും വിശ്വസിച്ചു. ആശുപത്രിയിൽ കഴിയവെ സുഹൃത്തായ ചിസുകോ പറഞ്ഞ കഥയിലൂടെയാണ് സഡാക്കോ ആയിരം പേപ്പർ കൊക്കുകളെ നിർമ്മിച്ചാൽ ആ​ഗ്രഹം സഫലമാകുമെന്ന ഐതിഹ്യം കേട്ട് അറിയുന്നത്. അവസാന നാളുകളിൽ അവളുടെ കൈകൾക്ക് വേണ്ടത്ര ചലിക്കാൻ കഴിയാതെ വന്നപ്പോഴും അതിശയകരമാംവിധം സഡാക്കോ പേപ്പർ ക്രെയിനുകൾ മടക്കിക്കൊണ്ടിരുന്നു.

അതിവേഗ ഓട്ടക്കാരിയാകാനായിരുന്നു കുഞ്ഞിലെ സാഡോക്കോയുടെ ആഗ്രഹം. അതുകൊണ്ട് തന്നെ സ്ഥിരോത്സാഹിയായിരുന്ന സഡാക്കോയ്‌ക്ക് 1000 കൊക്കുകളെ ഉണ്ടാക്കുക കഠിനമായി തോന്നിയില്ല. മരണത്തിന് മുമ്പ് ആയിരം കൊക്കുകളെ ഉണ്ടാക്കാൻ അവൾക്ക് സാധിച്ചില്ലെന്നും 644 കൊക്കുകളെ മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞൊളളുവെന്നുമാണ് പറയപ്പെടുന്നത്. ‘സഡാക്കോ ആൻഡ് ദ് തൗസൻഡ് പേപ്പർ ക്രെയിൻസ്’ എന്ന നോവലിലെ ഈ ഭാവന സത്യമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുകയായിരുന്നു. ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയത്തിലെ രേഖകൾ പ്രകാരം 1955 ഓഗസ്റ്റ് അവസാനമായപ്പോഴേക്കും സഡാക്കോ ആയിരം കൊക്കുകളെ ഉണ്ടാക്കിയിരുന്നു. സഡാക്കോയുടെ സഹോദരൻ മസാഹിറോ സസാക്കി എഴുതിയ ‘ദ് കംപ്ലീറ്റ് സ്റ്റോറി ഓഫ് സഡാക്കോ സസാക്കി’ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 1955 ഒക്ടോബറിൽ തന്റെ പന്ത്രണ്ടാം വയസ്സിലാണ് സഡാക്കോ മരണത്തിന് കീഴടങ്ങുന്നത്.

സഡാക്കോ എന്ന പന്ത്രണ്ടുകാരിയുടെ മരണവാർത്ത വൈകാതെ ലോകമാകെ വാർത്തയായി. സഡാക്കോയുടെ ആയിരംകൊക്കുകൾ യുദ്ധക്കൊതിയന്മാർക്കെതിരെയുളള ആയുധമായി മാറിയതാണ് പിന്നീടുളള ചരിത്രം. അണുബോംബിനും യുദ്ധത്തിനുമെതിരെ ലോകമെമ്പാടുമുളള കുട്ടികൾ രം​ഗത്തെത്തിയത് ചരിത്രമാണ്. സഡാക്കോയെ പോലെ പേപ്പർ കൊക്കുകളെ നിർമ്മിച്ച് കുട്ടികൾ തങ്ങളുടെ ഭരണാധികാരികൾക്ക് അയയ്ക്കുകയുണ്ടായി.

സഡാക്കോയെ പോല യുദ്ധമെന്താണെന്നും എന്തിന് വേണ്ടിയാണെന്നും അറിയാത്ത നിരവധി കുഞ്ഞുങ്ങളാണ് അന്ന് ഹിരോഷിമയിൽ കൊല്ലപ്പെട്ടത്. ഒരുപാട് പേർക്ക് അണുബോംബിന്റെ ഇരകളായി മാരകരോ​ഗങ്ങളോട് പൊരുതേണ്ടിയും വന്നു. സഡാക്കോയുടെ മുത്തശ്ശിയും ഹിരോഷിമയില്‍ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ലോക സമാധാനത്തിനും ആണവായുധങ്ങൾ നിർത്തലാക്കുന്നതിനുമുള്ള ആഹ്വാനത്തിന്റെ പ്രതീകമാണ് ഇന്ന് സഡാക്കോ സസാക്കി. സാഡാക്കോയുടെ കഥ ‘സഡാക്കോ സ്റ്റോറി’ എന്നും പേപ്പർ ക്രെയിനുകൾ എന്നും ലോകത്ത് അറിയപ്പെട്ടു.

ബോംബ് പൊട്ടിത്തെറിച്ച സ്ഥലത്ത് നിന്ന് മീറ്ററുകൾ മാത്രം അകലെയുളള ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിന്റെ ഹൃദയഭാഗത്തുളള കുട്ടികളുടെ സമാധാന സ്മാരകം സഡാക്കോയെ സ്മരിച്ചുകൊണ്ടുളളതാണ്. കുട്ടികളുടെ സമാധാനത്തിനുളള സ്മാരകമായാണ് ഈ പ്രതിമയെ കണക്കാക്കുന്നത്. ഒരു പെൺകുട്ടി കൈയ്യിൽ പേപ്പർ ക്രെയിനുമായി നിൽക്കുന്ന പ്രതിമയുളള ഹിരോഷിമ സ്മാരകത്തിനടുത്തേക്ക് എല്ലാ വർഷവും ആയിരക്കണക്കിന് ജാപ്പനീസ് കുട്ടികൾ വരും. പേപ്പർ കൊക്കുകളുടെ ഒരു നീണ്ട നിര തന്നെ പ്രതിമയ്ക്ക് ചുറ്റും കോർത്തിട്ടാണ് അവർ അവിടെ നിന്ന് മടങ്ങാറുളളത്. യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ സഡാക്കോ സസാക്കിയെ ഉൾപ്പെടുത്താൻ ഈ അടുത്ത് അവളുടെ കുടുംബം ശ്രമം നടത്തിയിരുന്നു. ഹിരോഷിമയ്ക്ക് നേരെയുളള അമേരിക്കയുടെ അണാവാക്രമണത്തിന്റെ 80-ാം വാർഷികമായ 2025 ൽ സഡാക്കോയെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഡാക്കോയുടെ അനന്തരവൻ യുജി സസാക്കി പറഞ്ഞിരുന്നു.

ആശുപത്രികിടക്കയിലിരുന്ന് ചെറിയ കടലാസ്സ് കൊക്കുകളെ ഉണ്ടാക്കിയ സഡാക്കോ എന്ന ജാപ്പനീസ് പെൺകുട്ടിയെ ഇന്നും യുദ്ധവെറിയുടെ അടയാളമായി ലോകം മുഴുവൻ ഓർക്കുന്നു. യുദ്ധവിരുദ്ധവും മാനവികസ്നേഹത്തിൽ അധിഷ്ഠിതവുമായ ദർശനത്തിന്റെ പ്രതീകമായി അവൾ പറത്തിയ ആയിരം കൊക്കുകളും ഓർമ്മിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!