കണങ്കാലിനേറ്റ പരുക്ക്; ഹർദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമായേക്കും
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമായേക്കും. ഞായറാഴ്ച ലഖ്നൗവിൽ നടക്കുന്ന മത്സരത്തിൽ ഹർദിക് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചതായി റിപ്പോർട്ട്. അടുത്ത രണ്ടു മത്സരങ്ങൾക്കൂടി പാണ്ഡ്യയ്ക്ക് നഷ്ടമാകാൻ സാധ്യതയുണ്ട്. താരത്തിന് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ബിസിസിഐ അറിയിച്ചു.
ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. ഇന്ത്യൻ ടീം വിജയക്കുതിപ്പിൽ മുന്നേറുന്ന സാഹചര്യത്തിൽ സെമിയിലെത്താൻ പൂർണമായും ഫിറ്റായ പാണ്ഡ്യയെയാണ് ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞു. പരുക്ക് ഒക്‌ടോബർ 22-ന് ധർമശാലയിൽ നടന്ന ന്യൂസിലൻഡിനെതിരായ മത്സരം പാണ്ഡ്യയ്ക്ക് നഷ്ടമായിരുന്നു. പാണ്ഡ്യ ലഖ്‌നൗവിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും പരുക്ക് പൂർണമായി മാറിയ ശേഷം മാത്രമായിരിക്കും താരം ടീമിനൊപ്പം ചേരുക.
ഇംഗ്ലണ്ടിൽ നിന്നുളള വിദഗ്ദ ഡോക്ടർ പാണ്ഡ്യയെ ചികിത്സിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 9ആം ഓവറിലായിരുന്നു സംഭവം. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ ലിറ്റൺ ദാസിന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കാലിനു പരുക്കേറ്റ താരം മൂന്ന് പന്ത് മാത്രമെറിഞ്ഞ് മടങ്ങുകയായിരുന്നു.