കണ്ണംപടിയില്‍ വാക്‌സിനേഷന്‍ സൗകര്യമൊരുക്കി വനംവകുപ്പ്
ഉപ്പുതറ: ആദിവാസി മേഖലയായ കണ്ണംപടിയില്‍ വാക്‌സിനേഷന്‍ സൗകര്യമൊരുക്കി വനംവകുപ്പ്. ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ പ്രധാന ആദിവാസി മേഖലയാണ് കണ്ണംപടി. ഇവിടെ ഇന്റനെറ്റോ, മൊബൈലിന് റെയിഞ്ചോ ലഭിക്കില്ല.
ഇതിനാല്‍ ആദിവാസികള്‍ റെജിസ്‌ട്രേഷന്‍ സൗകര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഒരാള്‍ പോലും വാക്‌സിനെടുത്തിരുന്നില്ല. ആദിവാസികളുടെ ഈ ദുരവസ്ഥ മനസിലാക്കിയ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡല്‍ ബി. രാഹൂലിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍, വനം വകുപ്പ് എന്നിവരുടെ സഹായത്തോടെ ജില്ലാ ഭരണകൂടത്തിനെ സമീപിച്ച് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ അനുമതി തേടുകയായിരുന്നു. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിന്‍ നല്‍കുകയായിരുന്നു.
300 ആദിവാസികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കണ്ണംപടിയിലെ ഉള്‍ഗ്രാമമായ മേമാരി കൂടിയിലെ ആദിവാസികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയത്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കിഴുകാനം ഫോറസ്റ്റര്‍ അനില്‍ കുമാര്‍, ഉപ്പുതറ പഞ്ചായത്തംഗങ്ങളായ ഷീബ സത്യനാഥ്, സരിത, ഡോ. സെബാസ്റ്റിയന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍, വനം വകുപ്പ് ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.