ഇടുക്കി വാഴവരയിൽ വന്യജീവിയുടെ ആക്രമണത്തിൽ വളർത്ത് നായ കൊല്ലപ്പെട്ടു.നായയെ ആക്രമിച്ചത് പുലിയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ്
ഇടുക്കി വനമേഖലയോട് ചേർന്ന് കിടക്കുന്ന വാഴവര കൗന്തി ചീമ്പാറയിൽ മണിയുടെ വീട്ടിലെ വളർത്ത് നായയെയാണ് വന്യജീവി ആക്രമിച്ചു കൊലപ്പെടുത്തിയത്.കൂട്ടിൽ കിടന്നിരുന്ന നായയാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ രാത്രിയിൽ കൂട് മറിഞ്ഞു വീഴുന്ന ശബ്‌ദം കേട്ടിരുന്നുവെങ്കിലും വീട്ടുകാർ ഇറങ്ങി നോക്കിയിരുന്നില്ല.പിന്നീട് ഇന്ന് രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് നായയുടെ പാതി ഭക്ഷിച്ച ജഡം കാണുന്നത്.വാർഡ് കൗൺസിലർ അറിയിച്ചതനുസരിച്ച് കട്ടപ്പന ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി. സന്തോഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ർ സ്ഥലത്തെത്തി പരിശോധന നടത്തി.നായയെ ആക്രമിച്ചത് പുലിയാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്.അതേ സമയം തോട്ടം തൊഴിലാളിയായ സ്ത്രീകൾ ശനിയാഴ്ച്ച പകൽ വന്യ ജീവിയെ നേരിൽ കണ്ടിരുന്നു.പുലിയോട് രൂപസാദൃശ്യമുള്ള ജീവിയെയാണ് കണ്ടതെന്നാണ് ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.വന്യജീവി സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.